top of page

കുണ്ടറ യൂ.പി.എഫ്. കൺവൻഷൺ-2017 മുതിർന്ന സുവിശേഷകരെ ആദരിച്ചു.

  • INCPA NEWS DESK
  • Apr 22, 2017
  • 2 min read

കൊല്ലം: കുണ്ടറ യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിൻറെ നേതൃത്വത്തിൽ നടന്ന വാർഷിക കൺവൻഷനിൽ മുതിർന്ന സുവിശേഷകരെ ആദരിച്ചു. കർത്താവിൻറെ വേലയിൽ അഹോരാത്രം അദ്ധ്വാനിക്കുന്ന സുവിശേഷകൻമാരായ മനുവേൽ ഉപദേശി, സി.തര്യൻ(മുഖത്തല പാപ്പച്ചായൻ-പാസ്റ്റർ സാം ടി.മുഖത്തലയുടെ പിതാവ്) എന്നിവരെയാണ് തെരഞ്ഞെടുത്തത്. കുണ്ടറയ്ക്ക് വേണ്ടി കഴിഞ്ഞ നാളുകളിൽ അവർ കർത്താവിൽ ചെയ്ത പ്രയത്നങ്ങളെ അടിസ്ഥാനമാക്കിയാണ് ആദരിച്ചത്. യൂ.പി.എഫിന് വേണ്ടി ആദരപത്രം വായിച്ചത് സെക്രട്ടറി പാസ്റ്റർ ജോർജ്ജ് ഏബ്രഹാം ആണ്. പ്രസ്തുത ആദരപത്രത്തിലെ പ്രസക്തഭാഗങ്ങൾ മനുവേൽ ഉപദേശി. 1951 ജൂൺ 15 ന് കൊല്ലം ജില്ലയിൽ, കുന്നത്തൂർ, ചരുവിള വീട്ടിൽ യോഹന്നാൻ തങ്കമ്മ ദമ്പതികൾക്ക് മൂന്നാമത്തെ മകനായി ജനിച്ചു. തൻറെ ജനനം മുതൽ തന്നെ മാതാപിതാക്കളാൽ ഉപദേശിക്കപ്പെട്ട ദൈവീക വിശ്വാസത്താൽ താൻ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു. 1969 ആഗസ്റ്റിൽ താൻ പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും ഡിസംബർ 31ന് പാസ്റ്റർ ഏബ്രഹാം ചാക്കോയുടെ കൈകീഴിൽ സ്നാനമേൽക്കുകയും ചെയ്തു. 1992 നവംബർ 13ന് കുന്നത്തൂർ ഉള്ള തൻറെ വീട് വെള്ളം കയറി നഷ്ടപ്പെട്ടതിൻറെ പരിണിതഫലമായി പലയിടങ്ങളിൽ താമസിച്ചനന്തരം 94-ൽ കരീപ്രയിൽ താൻ സ്ഥിരതാമസമാക്കി. തൻറെ ബാല്യംമുതൽ തന്നെ സുവിശേഷത്തിലുള്ള താത്പര്യം മുഖാന്തിരം 1969 മെയ്മാസം കുന്നത്തൂരിൽ സുവിശേഷ പ്രവർത്തനത്തിനായി വന്ന കൃഷ്ണൻകുട്ടി ഉപദേശിയുടെ കൂടെ ഗാനാലാപനത്തിനും സുവിശേഷം പങ്ക് വെക്കുവാനും ആയി കടന്ന് പോയി. 1981 മെയ് മാസം 28ന് സിസ്റ്റ.സൂസമ്മയെ സഹധർമ്മിണിയായി സ്വീകരിച്ചു. തനിക്ക് മൂന്ന് ആൺമക്കളാണ് ഉള്ളത്. അവരും പിതാവിൻറെ പാതയിൽ കർത്ത്യശുശ്രൂഷയിൽ വ്യാപൃതരാണ്. കുണ്ടറയുടെ സുവിശേഷീകരണത്തിന് വേണ്ടി അദ്ദേഹം ചെയ്ത സംഭാവനകൾ വളരെ വലുതാണ്. മനുവേലുപദേശിയുടെ സുവിശേഷ ശബ്ദം കുണ്ടറയിലുള്ള എല്ലാവരും കേട്ടിട്ടുണ്ട് എന്നുള്ളത് പ്രസ്താവ്യമാണ്. എല്ലാ കവലകളും ഗ്രാമങ്ങളുടെ മൂലകളിലും അദ്ദേഹത്തിൻറെ ഗാനങ്ങളുടെ അലയൊലികൾ ഇന്നും മുഴങ്ങുന്നുണ്ട്. ഏതൊരു യൌവ്വനക്കാരനേക്കാളും ഉന്മേഷവാനായും തീക്ഷണതയുള്ളവനായിട്ടുമാണ് നാം അദ്ദേഹത്തെ സുവിശേഷ പ്രവർത്തനങ്ങളിൽ കാണുന്നത്. തനിക്ക് സ്വന്തമായി ഒരു ഗോസ്പൽ ട്രൂപ്പ് തന്നെ ഉണ്ട്. കാൽവറി ഫെയ്ത്ത് ഗോസ്പൽ ടീം എന്ന പേരിൽ പ്രവർത്തിക്കുന്ന ആ സംഘടനയിൽ അനേക യുവാക്കളും സുവിശേഷകരും അംഗങ്ങളായിട്ടുണ്ട്. കരീപ്ര അസംബ്ളീസ് ഓഫ് ഗോഡ് സഭയിലെ അംഗമായും സുവിശേഷകനായും അദ്ദേഹം പ്രവർത്തിക്കുന്നു. തനിക്ക് ജന്മനാ ഇരുകണ്ണുകൾക്കും കാഴ്ചയ്ക്ക് ഭംഗം ഉണ്ടെങ്കിലും കാഴ്ചയുള്ളവരേക്കാൾ അദ്ദേഹത്തിന് ബൈബിളിൽ പാണ്ഡിത്യം ഉണ്ട്. കൂടാതെ ആനുകാലികവും ചരിത്രപരവുമായ സംഭവങ്ങൾ,കൂടാതെ മറ്റ് വിഷയങ്ങളെക്കുറിച്ചും സംക്ഷിപ്തമായ വിവരണങ്ങൾ നൽകുവാൻ അദ്ദേഹത്തിന് പ്രത്യേകമായ കഴിവുകൾ ഉണ്ട് എന്നുള്ളത് അത്ഭുതകരമായ കാര്യമാണ്. ആ അറിവുകൾ എല്ലാം അദ്ദേഹം സുവിശേഷത്തിൻറെ വ്യാപ്തിക്കായി ഉപയോഗിക്കുന്നു. തൻറെ കാഴ്ചയ്ക്ക് പരിമിതി ഉള്ളപ്പോൾ തന്നെ അദ്ദേഹം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും കൂടാതെ അനേക വിദേശ രാജ്യങ്ങളിലും സുവിശേഷപ്രവർത്തനങ്ങളോടുള്ള ബന്ധത്തിൽ യാത്ര ചെയ്തിട്ടുണ്ട്. ഇന്ന് ശുശ്രൂഷയിൽ ജ്വലിച്ച് നിൽക്കുന്ന ലോഡിംഗ് പാപ്പച്ചായൻ, മാത്രമല്ല,ശുശ്രൂഷയിൽ നിൽക്കുന്ന പാസ്റ്റർ അജി ആൻറണിയുടെ മാതാവ്, എന്നിവർ മനുവേൽ ഉപദേശിയുടെ ശുശ്രൂഷയിലൂടെ ആണ് രക്ഷിക്കപ്പെട്ടത്. തനിക്ക് ദൈവം നൽകുന്ന ക്യപയ്ക്ക് ഒത്തവണ്ണം ശേഷിക്കുന്ന നാളുകളിൽ കർത്താവിന്നായി ലോകത്തിൽ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കായും, ഒരു മാനപാത്രമായും ദൈവം താങ്കളെ ഉപയോഗിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. സി.തര്യൻ(പാപ്പച്ചായൻ) സ്നേഹമുള്ളവർ പാപ്പച്ചായൻ എന്ന് വിളിക്കുന്ന തര്യൻ സി. 1939-ൽകൊല്ലം ജില്ലയിൽ മുഖത്തലയിൽ തെങ്ങുവിള വടക്കേപുരയിൽ തര്യൻ ചാക്കോയുടെയും ശോശാമ്മ ചാക്കോയുടെയും മകനായി മാർത്തോമ്മാ കുടുംബ പാരമ്പര്യത്തിൽ ജനിച്ചു വളർന്നു. 1958-ൽ കർത്താവായ യേശുക്രിസ്തുവിനെ രക്ഷകനും കർത്താവുമായി സ്വീകരിച്ചു പെന്തെക്കോസ്തു കൂട്ടായ്മയിൽ ചേർന്നു. 1962 ജൂലൈയിൽ അസംബ്ളീസ് ഓഫ് ഗോഡ് സഭയുടെ ആരംഭകാല പ്രവർത്തകനായ പാസ്റ്റർ പി.ഡി.തോമസിൻറെ കൈകീഴിൽ സ്നാനമേറ്റു. ദൈവം തൻറെ ആത്മാവിനാൽ തന്നെ 1963 ഫെബ്രുവരി മാസം അഭിഷേകം ചെയ്തു. കർത്താവിനെ കണ്ടനാൾമുതൽ അവൻറെ സാക്ഷിയാകുവാൻ ഉള്ള അതിയായ താത്പര്യത്താൽ വിവിധ സ്ഥലങ്ങളിൽ ഓടി നടന്ന് സുവിശേഷം അറിയിക്കുവാൻ തുടങ്ങി. 1970-ൽ തിരുവല്ല ബൈബിൾ കോളേജിൽ ദൈവവചന പഠനം പൂർത്തിയാക്കി. മുഖത്തല അസംബ്ളീസ് ഓഫ് ഗോഡ് സഭയിൽ ആരംഭനാളുകളിൽ കൂട്ടായ്മ ആചരിച്ചുപോന്നു. പീന്നീട് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൻറെ ആരംഭകാല പ്രവർത്തകനായ പാസ്റ്റർ എ.ശമുവേലിനോട് ചേർന്ന് പെരുമ്പുഴ സഭ ആരംഭിച്ചതിൽ ഒരാളാണ്. നല്ലില, കുണ്ടറ, എന്നീ ശാരോൻ സഭകളുടെ ആരംഭകാല ശില്പികളിൽ ഒരാളാണ് പ്രിയപ്പെട്ട പാപ്പച്ചായൻ. 1966-ൽ സഹോദരി ഏലീയാമ്മയുമായി തൻറെ വിവാഹം നടന്നു. കർത്ത്യവേലയിൽ പിതാവിൻറെ പാത പിന്തുടരുന്ന അഞ്ച് മക്കളാണ് തനിക്കുള്ളത്. മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളും. ആൺമക്കൾ മൂവരും കർത്തൃശുശ്രൂഷയിൽ വ്യപൃതരാണ്. തൻറെ പ്രയത്ന ഫലമായി അനവധി സ്ഥലങ്ങളിൽ ഏകദേശം നാല്പതിൽ പരം കൺവൻഷനുകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. കുണ്ടറ ശാരോൻ സഭയിലെ അംഗവും കൂടാതെ എറ്റേണൽ ഗോസ്പൽടീമിൻറെ സെക്രട്ടറിയായുമായി പ്രവർത്തിക്കുന്നു. കുണ്ടറയുടെ സുവിശേഷീകരണത്തോടുള്ള ബന്ധത്തിൽ പാപ്പച്ചായൻ തൻറേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കുണ്ടറയിൽ പ്രിയ പാപ്പച്ചായൻറെ കാൽപാദം പതിയാത്ത ഒരു സ്ഥലം ബാക്കി ഉണ്ടാകുകയില്ല എന്ന് ചിന്തിച്ചാൽ അത് അതിശയോക്തി അല്ല. കാരണം അദ്ദേഹം തൻറെ 19-മത്തെ വയസുമുതൽ അതായത് 59 വർഷം സുവിശേഷവുമായിട്ടുള്ള ബന്ധത്തിൽ കുണ്ടറയിൽ പ്രവർത്തിക്കുകയാണ്. ഇപ്പോഴും അദ്ദേഹത്തിൻറെ കാൽ മാൻപേട കാലുപോലെ സുവിശേഷത്തിനായി ഓടിക്കൊണ്ടിരിക്കുന്നു. ഇനിയും സുവിശേഷം ശക്തമായി പറഞ്ഞുകൊണ്ട് ആത്മഭാരത്തോടുകൂടെ ഓടുവാൻ ദൈവം കൃപനൽകുമാറാകട്ടെ. കൂടാതെ ദൈവം ഏൽപ്പിച്ചതായ കഴിവുകളെ ദൈവമഹത്വത്തിനായി പ്രവർത്തിച്ച് നല്ലവനും വിശ്വസ്തനുമായ ദാസനെ എന്നുള്ള പേർവിളി കേൾക്കുവാൻ തക്കവണ്ണം ദൈവം ശക്തീകരിക്കുമാറാകട്ടെ എന്ന് ഈ അവസരത്തിൽ ഞങ്ങൾ പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. യൂ.പി.എഫ് വേണ്ടി പാസ്റ്റർ സജിത് ലാൽ (അസംബ്ളീസ് ഓഫ് ഗോഡ് കുണ്ടറ പ്രസ്ബിറ്റർ) സി.തര്യനെ ഷാൾ അണിയിച്ച് മൊമൻറോ നൽകി ആദരിച്ചപ്പോൾ പാസ്റ്റർ ലിയോ ഫോൾഡ് (യൂ.പി.എഫ് രക്ഷാധികാരി) പാസ്റ്റർ മനുവേൽ ഉപദേശിക്ക് ഷാൾ അണിയിച്ച് മൊമൻറോ കൈമാറുകയും ചെയ്തു.


Comments


Featured Posts
Recent Posts
Archive
Search By Tags
Follow Us
  • Facebook Basic Square
  • Twitter Basic Square
  • Google+ Basic Square
  • Twitter Social Icon
  • Facebook Social Icon
©copy right www.incpaonline.com
bottom of page