ഹെവൻലി ഫീസ്റ്റ് സഭയുടെ ചരിത്രം
കേരളത്തിൽ ഏറ്റവും അധികം വളർച്ച പ്രാപിച്ച ന്യൂജനറേഷൻ സഭയാണ് കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹെവൻലീഫീസ്റ്റ്. തങ്കു ബ്രദർ എന്ന് പേരിൽ കർത്താവിൽ പ്രസിദ്ധനായിരിക്കുന്ന ടെലി ഇവാഞ്ചലിസ്ററും പ്രസംഗകനും ആയിരിക്കുന്ന റവ.ഡോ.മാത്യൂ കുരുവിള ആണ് സഭയുടെ സ്ഥാപകൻ.
1998-ൽ കോട്ടയം ഐ.പി.സി. സഭയിൽ സ്നാനമേറ്റ തങ്കു ബ്രദർ തൻറെ ബിസിനസ് സ്ഥാപനത്തിൽ ചെറിയ നിലയിൽ ആരംഭിച്ച പ്രാർത്ഥനാകൂട്ടായ്മ ആണ് ഇന്ന് മുഖ്യാധാരാ പെന്തെക്കോസ്തു സമുഹത്തിൽ വൻ മുന്നേറ്റം നടത്തുന്നത്. ആദ്യം കോട്ടയത്ത് മാത്രമായി നടന്നിരുന്ന ഹെവൻലിഫീസ്റ്റ് ആരാധന ഇന്ന് കേരളത്തിലെ പ്രമുഖ പട്ടണങ്ങളിലെല്ലാം വ്യാപിച്ചുകഴിഞ്ഞു. കൂടാതെ മറ്റു സംസ്ഥാനങ്ങളിലും ഗൾഫ് ,അമേരിക്ക,യൂറോപ്പ് എന്നിവിടെങ്ങളിലെല്ലാം സഭയ്ക്ക് ബ്രാഞ്ചുകളുണ്ട്. ഇപ്പോൾ 300ൽ അധികം ലോക്കൽ സഭകൾ ഈ പ്രസ്ഥാനത്തിനുണ്ട്. ടെലിവിഷൻ പ്രസംഗകനും ഹെവൻലി ഫീസ്റ്റിലെ രണ്ടാമനുമായ തോമസ്കുട്ടി ബ്രദർ എന്ന റവ.ഡോ.തോമസ് ഏബ്രഹാമിനും ഈ പ്രസ്ഥാനത്തിൻറെ വളർച്ചയിൽ മുഖ്യ പങ്കുണ്ട്.
ആഭരണധാരണം ഒഴികെ മുഖ്യധാരാ പെന്തെക്കോസ്തു സഭകളുടെ ഉപദേശങ്ങൾ അതേപടി പിൻതുടരുന്ന സഭയാണ് ഹെവൻലി ഫീസ്റ്റ്. അത്ഭുത രോഗസൌഖ്യങ്ങളാണ് സഭയുടെ സുവിശേഷീകരണ-സഭാ വളർച്ച പരിപാടികളിൽ മുഖ്യ പങ്ക് വഹിച്ചത്. കോട്ടയത്ത് നെഹ്രു സ്റ്റേഡിയത്തിനടുത്ത് താൽക്കാലിക ടെൻറിൽ ഞായറാഴ്ചകളിൽ പതിനായിരത്തിലധികം പേർ പങ്കെടുക്കുന്ന ആരാധനകൾ നടന്നിരുന്നു. എന്നാൽ 2008-ൽ സഭയ്ക്കെതിരെ അതിശക്തമായ പീഡനങ്ങൾ ഉണ്ടായി. ചില ഹൈന്ദവ സംഘടനകളും കോട്ടയത്തെ ചില ക്രൈസ്തവ സഭകളും ഈ എതിർപ്പുകൾക്ക് പിന്നിലുണ്ടായിരുന്നു. ആരാധനാകേന്ദ്രം പലതവണ അടച്ചു പൂട്ടപ്പെട്ടു. പ്രതിസന്ധികളുടെ പരിണിതഫലമെന്നവണ്ണം സഭയ്ക്ക് ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിൽ പോലും ബ്രാഞ്ചുകൾ ഉണ്ടായി.
ഹെവൻലീഫീസ്റ്റ് ഇപ്പോഴും ലക്ഷങ്ങളെ ആകർഷിക്കുന്നു. റീച്ച് വേൾഡ് വൈഡ് എന്ന പേരിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ സഭയുടെ മുഖ്യപ്രവർത്തനങ്ങളിലൊന്നാണ്. ഹെവൻലിഫീസ്റ്റ് എന്ന ടി.വി. പ്രോഗ്രാമുകളും നടത്തിവരുന്നു.


