ചർച്ച് ഓഫ് ഗോഡ്(ഫുൾ ഗോസ്പൽ) ചരിത്രം
അമേരിക്കയിലെ നോർത്ത് കരോലിനയിൽ 1906-ൽ 21 തീർത്ഥാനടന പിതാക്കൻമാർ ചേർന്ന് ആരംഭിച്ച പ്രസ്ഥാനമാണ് ചർച്ച് ഓഫ് ഗോഡ്. ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇന്ന് ലോകമെങ്ങുമായി വ്യാപിച്ചുകിടക്കുന്ന പതിനായിരകണക്കിന് സഭകളും ലക്ഷകണക്കിന് വിശ്വാസികളുമുള്ള മഹാപ്രസ്ഥാനമാണ് ചർച്ച് ഓഫ് ഗോഡ്. ഇന്ത്യയിൽ ഒദ്യോഗികമായി 1936 ലാണ് ചർച്ച് ഓഫ് ഗോഡ് പ്രവർത്തനം ആരംഭിക്കുന്നത്.
പശ്ചാത്തലം.
അമേരിക്കയിലെ ടെന്നസി-നോർത്ത് കരോലിന ജോർജ്ജിയ പ്രദേശങ്ങളിലുള്ള യൂണിക്കോയ് പർവ്വതനിരകളിലെ സാധാരണക്കാരായ കർഷകർക്കിടയിൽ പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാന കാലഘട്ടത്തിൽ ആത്മീയ ഉണർവ്വാരംഭിച്ചു. 1886 ആഗസ്റ്റ് 19ന് റവ.റിച്ചാർഡ് ജി.സ്പർലിംഗ് തൻറെ സഭയിൽ നടത്തിയ ആഹ്വാനത്തിലൂടെ ഉണർവ്വിനായി വാഞ്ചിക്കുന്ന 7 പേരെ കണ്ടെത്തിയതാണ് തുടക്കം. അവർ ചേർന്ന് “ക്രിസ്ത്യൻ യൂണിയൻ” എന്ന പുതിയ സമുഹം രൂപികരിച്ചു. പർവ്വതത്തിലും താഴ്വരയിലും ആത്മീയ സന്ദേശങ്ങൾ അറിയിച്ചു. അതേവർഷം റവ.റിച്ചാർഡ് മരണമടഞ്ഞു. ഇതിനകം പുത്രൻ റവ.റിച്ചാർഡ് ഓർഡിനേഷൻ ലഭിച്ച് ശുശ്രൂഷ ആരംഭിച്ചിരുന്നു. അദ്ദേഹം 1892-ൽ വില്യം എഫ്.ബ്രയാൻസ് എന്ന ഡീക്കനെ പരിചയപ്പെട്ടു. ഈ സൌഹൃദം ഒന്നിച്ചുള്ള പ്രവർത്തനമായി മാറി.1895 ആയപ്പോഴേക്ക് ഇവരുടെ പ്രവർത്തനങ്ങളിലൂടെ ഈ മേഖലയിൽ വിശുദ്ധ ജീവിത്തിതൻറെ ഉപദേശങ്ങൾക്ക് വ്യാപക അംഗീകാരം ലഭിക്കത്ത ശക്തമായ ഉണർവ്വുണ്ടായി. ചെറോക്കി കൌണ്ടിയിൽ നടന്ന ഈ ഉണർവ്വ് മൂലം ഉടലെടുത്ത സഭകൾക്കെതിരെ പ്രദേശികമായ ചില അക്രമി സംഘങ്ങൾ ആക്രമണം അഴിച്ചുവിട്ടു. ഈ സാഹചര്യത്തിൽ സഭകൾക്ക് ഒരു സംഘടനാ ചട്ടക്കൂട് വേണമെന്ന ചിന്ത നേതാക്കളിൽ ഉടലെടുത്തു. അങ്ങനെ വില്യം ബ്രയാൻറെ ഭവനത്തിൽ നടന്ന ആലോചനായോഗം “ഹോളിനസ് ചർച്ച്” എന്ന പേർ സ്വീകരിച്ചു.
1903-ൽ റവ. എ.ജെ.ടോം ലിൻസൻ, എം.എസ്.ലമൺസ എന്നിവർ സഭയോട് ചേർന്ന് ശുശ്രൂഷകരായി. 1906-ൽ സഭയുടെ പ്രഥമ ജനറൽ അസംബ്ളി നോർത്ത് കരോലിനയിൽ നടന്നു. 21 പേരാണ് ആ അസംബ്ളിയിൽ പങ്കെടുത്തത്. ഇവരെയാണ് ചർച്ച് ഓഫ് ഗോഡ് ഫിൽഗ്രിം ഫാദേർസ് എന്നു വിളിക്കുന്നത്. 1907 ലെ ജനറൽ അസംബ്ളി സഭയ്ക്ക് ചർച്ച് ഓഫ് ഗോഡ് എന്ന പേര് നൽകി. പ്രഥമ ജനറൽ ഓവർസിയറായി എ.ജെ.ടോം ലിൻസനെ തിരഞ്ഞെടുക്കുകയും ചെയ്തു. സഭയുടെ ആസ്ഥാനം ടെന്നസിയിലെ ക്ളീവ് ലാൻഡിലേക്ക് മാറ്റി.
അമേരിക്കയിൽ അസൂസ സ്ട്രീറ്റ് ഉണർവ്വിനെ തുടർന്നു പെന്തെക്കോസ്തു ആശയങ്ങൾക്ക് വ്യാപക പ്രചാരം ലഭിച്ച കാലഘട്ടത്തിൽ ചർച്ച് ഓഫ് ഗോഡും ശക്തമായി വേരുറപ്പിച്ചു വളർച്ച പ്രാപിച്ചു. 1909 മുതൽ അമേരിക്കയ്ക്ക് പുറത്ത് സഭകൾ സ്ഥാപിക്കുക എന്ന ദർശനത്തോടെ മിഷണറിമാർ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കപ്പെട്ടു. 1926 മുതൽ മിഷൻസ് ബോർഡ് രൂപീകരിച്ചു ഈ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു. 1936-ൽ ഫോറിൻ മിഷൻസ് രൂപീകരിക്കപ്പെട്ടത് അമേരിക്കയ്ക്ക് പുറത്ത് അനേക രാജ്യങ്ങളിൽ ചർച്ച് ഓഫ് ഗോഡ് സ്ഥാപിക്കപ്പെടുവാൻ ഇടയായി.
1936-ൽ ചർച്ച് ഓഫ് ഗോഡിൻറെ മിഷണറിയായ റവ.ഇൻഗ്രാം തൻറെ ആറുമാസം നീണ്ട ഗോൾഡൻ ടൂർ എന്ന സുവിശേഷയാത്രയ്ക്കിടയിൽ ഊട്ടിയിൽ എത്തി. ഇതേ സമയത്ത് ഊട്ടിയിൽ വേനൽക്കാല സന്ദർശനത്തിനെത്തിയ റവ.ആർ.എഫ്.കുക്കിനെ ജോൺ മനോഹ എന്ന സുവിശേഷകൻ കൂടിയായ ഒരു കച്ചവടക്കാരൻ ഇൻഗ്രാമുമായി പരിചയപ്പെടുത്തി. അന്നുവരെ ചർച്ച് ഓഫ് ഗോഡ് എന്ന പ്രസ്ഥാനത്തെക്കുറിച്ച് റവ.കുക്കിന് അറിവില്ലായിരുന്നു. സംസാരത്തിൽ നിന്ന് താൻ പിന്തുടരുന്ന അതേ വിശ്വാസമാണ് ചർച്ച് ഓഫ് ഗോഡിൻറേത് എന്നും ഈ കൂടിക്കാഴ്ച ഒരു ദൈവീക പദ്ധതിയാണ് എന്നും റവ.കുക്ക് തിരിച്ചറിഞ്ഞു. കുക്കിൻറെ ക്ഷണപ്രകാരം റവ.ഇൻഗ്രാം മുളക്കുഴയിലെത്തി. സഭ പ്രതിപുരുഷന്മാരും നേതാക്കളും ഇൻഗ്രാമുമായി ചർച്ചകൾ നടത്തി. ഒടുവിൽ 63 സഭകളുമായി മലങ്കരപൂർണ്ണ സുവിശേഷസഭ എന്ന പ്രസ്ഥാനം ക്ളീവ് ലാൻഡ് ആസ്ഥാനമായ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ സഭയുടെ ഭാഗമായി മാറി. ഇന്ത്യ ചർച്ച് ഓഫ് ഗോഡ് എന്ന പേരിൽ സഭ അറിയപ്പെടുന്നു. സഭയുടെ പ്രഥമ മിഷണറി ഓവർസീയർ ആയി റവ.ആർ.എഫ്.കുക്കും പ്രഥമ ഫീൽഡ് സെക്രട്ടറിയായി പാസ്റ്റർ ടി.എം.വർഗ്ഗീസും നിയമിതരായി.
ചർച്ച് ഓഫ് ഗോഡിൻറെ ഭാഗമായതോടെ 1936 മുതൽ 1947 വരെയുള്ള പത്തുവർഷങ്ങൾ സഭ ശക്തമായി വളർച്ച പ്രാപിച്ചു. ശുശ്രൂഷകൻമാർക്ക് സാമ്പത്തികസഹായം, ഹാളുകൾ നിർമ്മിക്കാനും സ്ഥലം വാങ്ങുവാനും പണം തുടങ്ങിയ സാമ്പത്തിക പിന്തുണ ലഭിച്ചതോടെയാണ് ഈ വളർച്ച സാധ്യമായത്. 1939-ൽ കുക്ക് ചർച്ച് ഓഫ് ഗോഡ് ജനറൽ അസംബ്ളിയിൽ പങ്കെടുക്കാനായി അമേരിക്ക സന്ദർശിച്ചു. സുദീർഘമായ 13 വർഷങ്ങൾക്ക് ശേഷമുള്ള ആ സന്ദർശനം അവിസ്മരണീയമായിരുന്നു.
ചർച്ച് ഓഫ് ഗോഡിൻറെ നിയമമനുസരിച്ച് ഒരു മിഷണറി ഓവർസീയർക്ക് പരമാവധി 12 വർഷമാണ് ആ സ്ഥാനത്ത് തുടരാനാകുന്നത്. എന്നാൽ ചർച്ച് ഓഫ് ഗോഡുമായി ലയിക്കുമ്പോൾ ഇപ്രകാരമൊരു പരിധി ഉള്ളതായി കുക്കു സായിപ്പിന് അറിവില്ലായിരുന്നു. ജീവിതാവസാനം വരെ ഇന്ത്യയിൽ സഭാപ്രവർത്തനങ്ങളുമായി തുടരണമെന്നും ഈ മണ്ണിൽ മരിച്ചടക്കപ്പെടണം എന്നും ആയിരുന്നു അദ്ദേഹത്തിൻറെ ആഗ്രഹം. എന്നാൽ, ചർച്ച് ഓഫ് ഗോഡ് കേന്ദ്ര നേതൃത്വം കുക്കിൻറെ സേവനം അവസാനിപ്പിക്കുവാൻ തീരുമാനിച്ചു. 1947-ൽ ഈ ദൌത്യവുമായി റവ.സി.ഇ.ഫ്രെഞ്ചിനെയും കുടുംബത്തെയും ഇന്ത്യയിലേക്ക് അയച്ചു.
റവ.ഫ്രഞ്ചിൻറെ ദൌത്യം തിരിച്ചറിഞ്ഞ റവ.കുക്ക് ഈ നീക്കത്തെ ശക്തിയായി എതിർത്തു. അതോടെ മുളക്കുഴ കലഹങ്ങളുടെയും പോരാട്ടങ്ങളുടെയും വേദിയായി മാറി. എന്നാൽ കുക്ക് സായിപ്പിൻറെ സഹ പ്രവർത്തകനായിരുന്ന പാസ്റ്റർ ടി.എം.വർഗ്ഗീസ് കുക്ക് സായിപ്പിനെതിരെ നിലപാട് സ്വീകരിച്ചു. ഒടുവിൽ കുക്കു സായിപ്പിന് മുളക്കുഴയിൽ താൻ സ്ഥാപിച്ച ബംഗ്ളാവിനകത്ത് വച്ച് മർദ്ദനമേറ്റു. മാത്രവുമല്ല കുക്ക് സായിപ്പിന് എതിരെ കോടതിയിൽ കേസുകൾ കൊടുക്കപ്പെട്ടു. അങ്ങനെ ധീരനായ ഒരു ദൈവദാസൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ബംഗ്ളാവിൽ അദ്ദേഹത്തെ തടവുകാരനാക്കി. ഒടുവിൽ അമേരിക്കയിൽ നിന്ന് ജനറൽ ഓവർസീയർ റവ.ചെസ്സറും വേൾഡ് മിഷൻ പ്രതിനിധി റവ.പോൾ എച്ച്.വാക്കറും ഇന്ത്യയിലെത്തി. ചർച്ച് ഓഫ് ഗോഡ് അന്തർദ്ദേശീയ നേതൃത്വം മുന്നോട്ട് വച്ച നിബന്ധനകൾ അംഗീകരിച്ച് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുവാൻ കുക്ക് സായിപ്പ് നിർബന്ധിതനായി. കുക്കിന് പകരം ഇളയമകൻ പോൾ കുക്ക് ഓവർസീയർ സ്ഥാനം ഏറ്റെടുത്തു. എന്നാൽ ഒരു വർഷത്തിനകം റവ.പോൾ രാജിവച്ചുപോകേണ്ടി വന്നു.
കുക്കുമായുണ്ടായ പ്രശ്നങ്ങളെ തുടർന്ന് 1948-ൽ റവ.സി.ഇ.ഫ്രെഞ്ചിൻറെ നേതൃത്വത്തിൽ ചർച്ച് ഓഫ് ഗോഡ് പൂർണ്ണ സുവിശേഷ ദൈവസഭ കോയമ്പത്തൂരിൽ രജിസ്റ്റർ ചെയ്തു. അതിനെ തുടർന്ന് സായിപ്പിൻറെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ചർച്ച് ഓഫ് ഗോഡിൻറെ 66 പ്രമാണങ്ങൾ ഒരു കരാർ രജിസ്റ്റർ ചെയ്ത് ചർച്ച് ഓഫ് ഗോഡിൻറേതാക്കി മാറ്റി. 37 വർഷത്തെ ശുശ്രൂഷകൾക്കൊടുവിൽ 1952-ൽ അദ്ദേഹവും കുടുംബവും ഇന്ത്യയോട് വിട പറഞ്ഞു. മഹാനായ ഈ മിഷണറിയുടെ ഭാരത ആഗമനത്തിൻറെ നൂറാം വാർഷികം സഭ വൻപരിപാടികളോടെ 1913-ൽ ആഘോഷിച്ചു. എന്നാൽ അവസാനകാലത്ത് ദേഹോപദ്രവം ഉൾപ്പെടെ അദ്ദേഹത്തോട് കാണിച്ച ക്രൂരതയ്ക്ക് മാപ്പുപറയുവാൻ ഇതുവരെ സഭ തയ്യാറായിച്ചില്ലെന്നത് തീരാകളങ്കമാണ്. 1958 ജനുവരി 12ന് സഭ ആസ്ഥാനമായ ക്ളീവ് ലാൻഡിൽ അദ്ദേഹം നിര്യാതനായി.
കുക്കുസായിപ്പിനെ തുടർന്ന് സഭയെ ഭരിച്ച വിദേശികളിൽ റവ.വില്യം പോസ്പിസിലാണ് ഏറ്റവും പ്രമുഖൻ. 1952-ൽ എത്തിയ ഇദ്ദേഹം രണ്ടു പതിറ്റാണ്ട് ഇന്ത്യയിൽ പ്രവർത്തിച്ചു. ഈ കാലഘട്ടത്തിൽ പാസ്റ്റർ ടി.എം. വർഗ്ഗീസ് സെക്രട്ടറി എന്ന നിലയിൽ ഭരണത്തിൽ മുഖ്യപങ്ക് വഹിച്ചു. 1965-ൽ അദ്ദേഹം വിരമിച്ചു. കേരളത്തിലെ മുഖ്യധാരാ പെന്തെക്കോസ്തു നേതാക്കളിൽ പ്രമുഖരുടെ നിരയിൽ എണ്ണപ്പെട്ട ഇദ്ദേഹം ചർച്ച് ഓഫ് ഗോഡിൻറെ വളർച്ചയിൽ മുഖ്യപങ്ക് വഹിച്ച തദ്ദേശിയ നേതാവാണ്.
1964-ൽ സഭയുടെ പ്രഥമ തദ്ദേശീയ ഓവർസീയറായി വാളകം സ്വദേശിയായ യൂ.തോമസ് നിയമിതനായി. പിന്നീട് പാസ്റ്റർ പി.സി.ചാക്കോ, എ.പി.ഏബ്രഹാം എന്നിവർ ഭരണം നടത്തി.
ചർച്ച് ഓഫ് ഗോഡ് റീജിയൻ--ജാതിയുടെ പേരിൽ വിഭജനം.
കേരളത്തിൽ ജാതി അടിസ്ഥാനത്തിൽ നിലവിൽ വന്ന ആദ്യ സഭയാണ് ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ. റവ.കുക്കിൻറെ കാലഘട്ടത്തിൽ ദളിത് വിഭാഗങ്ങൾക്ക് അർഹമായ പ്രാധാന്യം സഭാഭരണത്തിൽ ലഭിച്ചിരുന്നു. കുക്ക് സായിപ്പിനുശേഷം ചർച്ച് ഓഫ് ഗോഡിൽ സുറിയാനി ക്രിസ്ത്യാനികൾക്കും ഉയർന്ന ജാതിയിൽ നിന്ന് പരിവർത്തനം ചെയ്തുവന്നവർക്കും മേൽക്കൈ ഉണ്ടായി. ദളിത് സമുഹത്തിൽ കടുത്ത അമർഷം രൂപപ്പെട്ടു. സഭയുടെ താഴേ തട്ടുകളിൽ അവസരങ്ങൾ ഉണ്ടെങ്കിലും നേതൃത്വത്തിൽ തങ്ങളിൽ ആർക്കും അവസരം ലഭിക്കുന്നില്ല എന്ന പരാതി ഉയർന്നു. 1970 കളിൽ സഭയിൽ ദളിത് വിഭാഗത്തിൽപെട്ടവർ സംഘടിക്കുകയും ആക്ഷൻ കൌൺസിൽ രൂപീകരിക്കുകയും ചെയ്തു.
പ്രശ്നങ്ങൾ രൂക്ഷമായതോടെ 1972 ആരംഭത്തിൽ ഏഷ്യൻ സൂപ്രണ്ടായ റവ.ലവൽ ആർ കാരിയും വേൾഡ് മിഷൻ അസിസ്റ്റൻറ് ഡയറക്ടർ റവ.ടി.എൻ.ഫോറസ്റ്റും കേരളത്തിൽ എത്തി. അവർ നടത്തിയ പഠനത്തിൻറെ അടിസ്ഥാനത്തിൽ ജാതി അടിസ്ഥാനത്തിൽ ചർച്ച് ഓഫ് ഗോഡിനെ കേരളാ സ്റ്റേറ്റ് എന്നും കേരളാ ഡിവിഷൻ എന്നും രണ്ടു സഭയാക്കിമാറ്റി. രണ്ടു വിഭാഗത്തിനും ഈ വിഭജനം ഗുണകരമായെങ്കിലും പെന്തെക്കോസ്തുസഭ നിലനിൽക്കുന്ന അടിസ്ഥാന ആശയങ്ങളിൽ നിന്നുള്ള വ്യതിചലനമായിരുന്നു ഇത്. ഇന്നും ആ തെറ്റ് തിരുത്താനാകാതെ വിടവായി നിലനിൽക്കുന്നു.
കേരള സ്റ്റേറ്റിൽ 1978 മുതൽ 88 വരെയുള്ള ഒരു പതിറ്റാണ്ട് പാസ്റ്റർ എം.വി.ചാക്കോ ഓവർസീയറായി ഭരണം നടത്തി. മികച്ച വേദപണ്ഡിതനും തിയോളജിയനും പ്രഭാഷകനുമായിരുന്നു അദ്ദേഹം. എന്നാൽ സഭാവളർച്ചയിൽ ശക്തമായ ഇടപെടൽ നടത്തിയതിനെ തുടർന്ന് 12 വർഷങ്ങൾ ഓവർസീയർ പദവിയിൽ ഇരുന്ന റവ.പി.എ.വി.സാം ആണ് അദ്ദേഹത്തിൻറെ കാലത്ത് ലോക്കൽ സഭകളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം നടത്തുവാൻ സാധിച്ചു. കൂടാതെ തിരുവല്ലയിൽ സഭക്ക് സ്വന്തമായി കൺവൻഷൻ സ്റ്റേഡിയം വാങ്ങിയതും ഇദ്ദേഹത്തിൻറെ കാലഘട്ടത്തിലാണ്. എന്നാൽ എല്ലാ നേട്ടങ്ങളുടെയും അപ്പുറത്ത് സഭയുടെ കടുത്ത ഭിന്നത ഉണ്ടായിരുന്ന കാലഘട്ടമായിരുന്നു അദ്ദേഹത്തിൻറെ ഭരണകാലം.
പാസ്റ്റർ എം.വി.ചാക്കോയോടു കൂറുപുലർത്തുന്ന ഒരു വിഭാഗം സഭയിലെ പ്രസംഗകനായ റവ.പി.ഐ.ഏബ്രഹാമിൻറെയും (കാനം അച്ചൻ) അമേരിക്കയിലെ മലയാളി സഭകളുടെ പിന്തുണയോടെയും ഓവർസീയർക്കെതിരെ കലാപമുണ്ടാക്കി. 1994-ൽ ആരംഭിച്ച പ്രശ്നങ്ങൾ സഭയെ പിളർപ്പിലേക്ക് നയിച്ചു.
വിമതവിഭാഗം കുമ്പനാട് കേന്ദ്രീകരിച്ച് സഭയക്ക് പുതിയ കൌൺസിലിനെയും പ്രസിഡൻറ്, സെക്രട്ടറി, തുടങ്ങിയ ഒദ്യോഗിക സ്ഥാനികളെയും തിരഞ്ഞെടുത്തു.പാസ്റ്റർ തോമസ് ജോർജ്ജ്, പാസ്റ്റർ ജൂബി ദാനീയേൽ, പാസ്റ്റർ പി.ജി.മാത്യൂസ് എന്നിവരായിരുന്നു മുൻനിരയിൽ ചില വർഷങ്ങൾ സമാന്തരസംവിധാനമായി ജനറൽ കൺവൻഷൻ ഉൾപ്പെടെ നടത്തിയത്. 2000-ൽ പാസ്റ്റർ വി.സി.ഇട്ടി സഭയുടെ ഓവർസീയർ ആയതോടെ കുമ്പനാട് വിഭാഗം നിരുപാധികം ചർച്ച് ഓഫ് ഗോഡിൽ മടങ്ങിയെത്തി.
രണ്ടായിരത്തിൽ അധികാരത്തിലെത്തിയ പാസ്റ്റർ വി.സി.ഇട്ടി 2002-ൽ നിര്യാതനായതിനെ തുടർന്ന് പാസ്റ്റർ കെ.സി.ജോൺ ഓവർസീയറായി. 2008 വരെ റവ.എം.കുഞ്ഞപ്പി ഓവർസീയറായി. 2013-ലെ കൺവൻഷൺ സമയത്ത് അപ്രതീക്ഷിതമായി നടത്തിയ പ്രിഫറൻസ് ബാലറ്റിലൂടെ റവ.എം.കുഞ്ഞപ്പിയെ പരാജയപ്പെടുത്തി റവ.പി.ജെ.ജയിംസ് അധികാരത്തിലെത്തി. 2014-ൽ പാസ്റ്റർ പി.ജെ.ജയിംസിനെ ഓവർസീയർ സ്ഥാനത്ത് നിന്നും പുറത്താക്കുവാൻ ശക്തമായ ചരടുവലികൾ നടന്നുവെങ്കിലും വേൾഡ് മിഷൻ ഒരു ടേം കൂടെ തുടരുവാൻ അനുവദിച്ചു.
സഭയിൽ അധികാര വടംവലികളും നേതൃത്വ തലത്തിൽ അനൈക്യവും ഉണ്ടാകാറുണ്ടെങ്കിലും ചർച്ച് ഓഫ് ഗോഡ് സംഘടനാതലത്തിലും സഭകളുടെ എണ്ണത്തിലും കഴിഞ്ഞ കാൽ നൂറ്റാണ്ട്കൊണ്ട് വളരെ അധികം നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പാസ്റ്റർ എം.കുഞ്ഞപ്പിയുടെ ഭരണകാലത്ത് പണി പൂർത്തിയാക്കിയ മുളക്കുഴ ഓഫീസ് കോംപ്ളക്സ്, പാസ്റ്റർ പി.ജെ.ജയിംസിൻറെ നേതൃത്വത്തിൽ പണി പൂർത്തീകരിച്ച കുക്ക് സെൻറിനറി ഹാൾ എന്നിവ സംഘടനാപരമായ നേട്ടങ്ങളാണ്. മാത്രവുമല്ല കേരള സ്റ്റേറ്റിൻറെ ക്രമീകൃതമായ ഭരണസംവിധാനം പാസ്റ്റേർസിൻറെ മേൽ ഓവർസീയർക്കുള്ള നിയന്ത്രണം എന്നിവ മറ്റു സഭകളെക്കാളെല്ലാം ശക്തമാണ് ചർച്ച് ഓഫ് ഗോഡിൽ.
കുക്ക് സായിപ്പ് സ്ഥാപിച്ച മുളക്കുഴ ബൈബിൾ കോളേജ് കൂടാതെ പി.എ.വി.സാമിൻറെ കാലത്ത് സ്ഥാപിച്ച തിരുവല്ല ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് തിയോളജിക്കൽ സെമിനാരി എന്നിവയാണ് പ്രധാന വേദപാഠശാലകൾ. കണ്ണൂർ ജില്ലയിൽ റവ.കെ.സി.ജോണിൻറെ കാലത്ത് തുടക്കം കുറിച്ച മൌണ്ട് പാരാൻ ബൈബിൾ കോളേജും ഈ രംഗത്തെ സമീപകാല പരീക്ഷണമാണ്. പാസ്റ്റർ വി.സി.ഇട്ടി ഓവർസീയറായിരിക്കെ ആരംഭിച്ച ചർച്ച് ഗ്രോത്ത് മിഷൻ സഭകൾ ഇല്ലാത്ത മേഖലകളിൽ സഭകൾ സ്ഥാപിക്കുന്നതിനുള്ള പ്രോജക്റ്റ് ആണ്.
ജനറൽ കൺവൻഷൻ കുറെക്കാലം വിവിധ സ്ഥലങ്ങളിൽ മാറി മാറി നടന്നിരുന്നുവെങ്കിലും 1991 മുതൽ തിരുവല്ലയിൽ സഭയുടെ സ്വന്തം സ്റ്റേഡിയത്തിൽ വാർഷിക കൺവൻഷൻ നടക്കുന്നു. യുവജന പ്രസ്ഥാനമായ വൈ.പി.ഇ., സൺഡേസ്ക്കൂൾ ഡിപ്പാർട്ട്മെൻറ്, ലേഡീസ് അസ്സോസിയേഷൻ (എൽ.എ) എന്നിവയാണ് പുത്രികാസംഘടനകൾ.


