top of page

അസംബ്ളീസ് ഓഫ് ഗോഡ് സഭയുടെ ചരിത്രം

ഒരു പ്രസ്ഥാനമെന്ന നിലയിൽ ഭാരത്തതിൽ മിഷണറി പ്രവർത്തനങ്ങൾക്കും സഭാസ്ഥാപനത്തിനും തുടക്കം കുറിച്ച ആദ്യ പെന്തെക്കോസ്തു സഭയാണ് അസംബ്ളീസ് ഓഫ് ഗോഡ്. 1916-ൽ മിഷണറി ക്രിസ്ത്യൻ ഷൂൺ മേക്കറുടെ നേതൃത്വത്തിൽ ഇന്ത്യ അസംബ്ളീസ് ഓഫ് ഗോഡ് രൂപീകരിക്കപ്പെട്ടു. ഇതിന് രണ്ട് വർഷം മുൻപാണ്, അമേരിക്കയിൽ സ്വതന്ത്ര പെന്തെക്കോസ്തു സഭകൾ ഒന്നിച്ചുചേർന്നു അസംബ്ളീസ് ഓഫ് ഗോഡ് എന്ന നാമധേയത്തിൽ ഒന്നിച്ചു നിന്ന് പ്രവർത്തിക്കുവാൻ തുടങ്ങിയത്.

പശ്ചാത്തലം

പരിശുദ്ധാത്മാവ് നിറവു പ്രാപിച്ച ക്രൈസ്തവ സഭകളും ആത്മീയ സംഘങ്ങളും ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യശതകത്തിൽ അമേരിക്കയിലുടനീളം രൂപപ്പെട്ടു. ഉണർവ്വും-വിശുദ്ധിയും മാത്രമായിരുന്നു ആദ്യഘട്ടത്തിൽ ഈ സ്വതന്ത്ര കൂട്ടായ്മകളുടെ അടിസ്ഥാനം. എന്നാൽ ക്രമേണ വ്യവസ്ഥാപിത രൂപവും നിയമങ്ങളും അനിവാര്യമായിവന്നു. 1913-ൽ ഇ.എൻ.ബെൽ എന്ന് പെന്തെക്കോസ്തു സുവിശേഷകൻ താൻ പ്രസിദ്ധീകരിച്ചിരുന്ന മാസികയിൽ ഒരു പരസ്യം പ്രസിദ്ധീകരിച്ചു. പരിശുദ്ധാത്മാഭിഷേകത്തിൽ വിശ്വസിക്കുന്ന പെന്തെക്കോസ്തു വിശ്വാസമുള്ളവരെ ഒരു മഹാസമ്മേളനത്തിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു ആ പരസ്യം. അങ്ങനെ 1914 ഏപ്രിൽ 2-12 വരെ അർക്കൻസാസിലെ ഹോട്ട്സ്പ്രിംഗ്സ് ഗ്രാൻഡ് ഓപ്പറ ഹൌസിൽ മഹാസമ്മേളനം നടന്നു.

   ലോക്കൽ സഭകളുടെ സ്വാതന്തൃം നിലനിർത്തികൊണ്ട് ഒരു കുടക്കീഴിലേക്ക് വരുവാൻ അവിടെ വച്ച് തീരുമാനമുണ്ടായി. അങ്ങനെ അസംബ്ളീസ് ഓഫ് ഗോഡ് ജനറൽ കൌൺസിൽ  രൂപീകൃതമായി.  സംഘാടകനായ റവ.ഇ.എൻ. ബെൽ പ്രഥമ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 1915 മുതൽ സെൻറെ് ലൂയിസ് ആസ്ഥാനമാക്കി പ്രസ്ഥാനം പ്രവർത്തനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ ധാരാളം സഭകൾ ഒന്നിച്ചു നിന്നെങ്കിലും ശൈശവാവസ്ഥയിൽ തന്നെ ഉപദേശപരമായ ചില വിഷയങ്ങളിൽ വലിയ തർക്കങ്ങൾ സഭയിൽ ഉടലെടുത്തു. “ത്രിയേക ദൈവം” എന്ന ആശയത്തെ അനുകൂലിക്കാത്തവരെ സഭയിൽ നിന്ന് പുറത്താക്കുന്നതിലാണ് ഈ തർക്കം അവസാനിച്ചത്. 1916-ലെ നാലാമത് ജനറൽ കൌൺസിലിലായിരുന്നു ഇത്. 100-ാം വയസ്സിലേക്ക് പ്രവേശിക്കുന്ന അസംബ്ളീസ് ഓഫ് ഗോഡ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പെന്തെക്കോസ്തുസഭയും പ്രൊട്ടസ്റ്റൻറ് സമുഹവുമാണ്. 213 രാജ്യങ്ങളിൽ സഭയുടെ പ്രവർത്തനം വ്യാപിച്ചുകിടക്കുന്നു. 65 മില്യൺ വിശ്വാസികൾ.3.58 ലക്ഷം പാസ്റ്റേർസ്. 3.5 ലക്ഷത്തിലധികം സഭകൾ.

    ലോകസുവിശേഷീകരണം യത്നങ്ങളിൽ ഏ.ജി.നിർണ്ണായകവും നേത്യത്വപരവുമായ പങ്കാണ് വഹിക്കുന്നത്. 1919-ൽ ആരംഭിച്ച ഏ.ജി.യുടെ ഫോറിൻ മിഷൻ ഡിപ്പാർട്ട്മെൻറ് നൂറുകണക്കിന് മിഷണറിമാരെ ലോകത്തിലെ മിക്ക രാജ്യങ്ങളിലേക്കും അയച്ചു. ജോസഫ് റോസ് വെൽ ഫ്ളവർ, നോയൽ പെർക്കിയൽ, ജെ ഫിലിപ്പ് ഹോഗൻ, ഡോ.എൽ.ജോൺ ബ്യൂനോ, എന്നിവരുടെ നേതൃത്വത്തിൽ ഏ.ജി.ഫോറിൻ മിഷൻ ഡിപ്പാർട്ട്മെൻറെ് ഈ തലമുറയിലെ ഏറ്റവും വിജയപ്രദമായ മിഷണറി പ്രസ്ഥാനമായി മാറി.

ഇന്ത്യയിൽ

  അമേരിക്കയിൽ ഏ.ജി.യിൽ നിന്നും അല്ലാതെയും ധാരാളം പെന്തെക്കോസ്തൽ മിഷണറിമാർ ഭാരതത്തിൻറെ വിവിധ ഭാഗങ്ങളിൽ സുവിശേഷപ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ 1915-ൽ മിസ് മേരി ചാപ്മാൻ എന്ന വനിത ഏ.ജി.യുടെ ആദ്യ ഔദ്യോഗിക മിഷണറിയായി ഇന്ത്യയിലെത്തി. മദ്രാസ് വഴി 1921-ൽ കേരളത്തിലെത്തിയ ചാപ്മാൻ 1921-ൽ മാവേലിക്കരയിൽ നിര്യാതയാകുന്നതുവരെ കേരളത്തിൽ ശക്തിയായി പ്രവർത്തിച്ചു. ഏ.ജി.പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ ഇട്ടതും ബഥേൽ ബൈബിൾ കോളേജിൻറെ ആരംഭം, മലയാളത്തിലെ പ്രഥമ പെന്തെക്കോസ്തു പ്രസിദ്ധീകരണം “പെന്തെക്കോസ്തു കാഹളം” ആരംഭിച്ചത് തുടങ്ങി ചാപ്മാൻറെ പ്രവർത്തനങ്ങൾ മലയാളി പെന്തെക്കോസ്തിന് പ്രത്യേകിച്ച് ഏ.ജി.ക്ക് മറക്കാനാവില്ല.

     പരസ്പരബന്ധമില്ലാതെ പ്രവർത്തിച്ചിരുന്ന ഇന്ത്യയിലെ ഏ.ജി. മിഷണറിമാരെ ഒന്നിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ക്രിസ്ത്യൻ ഷൂൺമേക്കർ ശ്രമിച്ചു. 1916-ൽ ഇന്ത്യാ അസംബ്ളീസ് ഓഫ് ഗോഡ് രൂപപ്പെട്ടു. സ്വതന്ത്ര മിഷണറിയായി കേരളത്തിലെത്തി ശക്തമായി പ്രവർത്തിച്ച റവ.ആർ.എഫ്.കുക്ക് ഇതിനിടെ അസംബ്ളീസ് ഓഫ് ഗോഡിൻറെ ഭാഗമായി മാറി.

    കുക്കിൻറെ പ്രവർത്തനം മധ്യതിരുവിതാംകൂർ കേന്ദ്രീകരിച്ച് ശക്തി പ്രാപിച്ചു. 1921-ൽ മേരി ചാപ്മാൻ തിരുവനന്തപുരത്ത് താമസമാകുകയും തെക്കൻ തിരുവിതാംകൂറിൽ ഇതിനകം ഉടലെടുത്തിരുന്ന പെന്തെക്കോസ്തു സഭകളെ ഏ.ജിയുടെ ഭാഗമാക്കുകയും ചെയ്തു. സ്വതന്ത്ര മിഷണറി ആയിരുന്ന ആഡ് വിങ്കിൽ ചാപ്മാൻറെ പ്രേരണയാൽ എ.ജി.യോട് ചേർന്നു. ആഡ് വിങ്കിളിനോടൊന്നിച്ച് പ്രവർത്തിച്ചിരുന്ന ആദ്യകാല പെന്തെക്കോസ്തു പ്രവർത്തകനായ പന്തളം മത്തായി ഉപദേശിയും അങ്ങനെ എ.ജി.യുടെ ഭാഗമായി.

   1921-ൽ അഭിഷേകം പ്രാപിച്ച പരിണയം സ്വദേശിയായ മനാശെ തെക്കൻ തിരുവിതാംകൂറിൽ നിരവധി സഭകൾ സ്ഥാപിച്ചിരുന്നു. അദ്ദേഹം പിൽക്കാലത്ത് ഏ.ജിയുടെ ഭാഗമായി.

1924-ൽ റവ.ആർ.എഫ്.കുക്ക്, അമേരിക്കയിലേക്ക് അവധിക്ക് പോയപ്പോൾ റവ.സ്പെൻസർ മേയ് മേരിചാപ്മാനോടൊപ്പം ചെങ്ങന്നൂരിൽ താമസിച്ച് നേതൃത്വം നൽകി. കൂടാതെ അതേ വർഷം തന്നെ എ.ജി.ഫോറിൻ മിഷൻ പ്രതിനിധിയായി റവ.വില്യം ഫോക്സ് കേരളത്തിലെത്തി. ഈ കാലഘട്ടത്തിൽ മധ്യതിരുവിതാംകൂറിൽ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന പാസ്റ്റർ കെ.ഇ.ഏബ്രഹം എ.ജിയുടെ പ്രവർത്തനങ്ങളിൽ സഹകരിച്ചു. മേരിചാപ്മാൻറെ പ്രവർത്തനമേഖല ചെങ്ങന്നൂരിലേക്ക് മാറ്റുവാനും മറ്റും പ്രേരിപ്പിക്കുന്നത് കെ.ഇ.ഏബ്രഹാമുമായുള്ള സഹകരണമാണ്.

   1926-ൽ റവ.കുക്ക് അവധി കഴിഞ്ഞ് മടങ്ങിയെത്തി. കെ.ഇ.ഏബ്രഹാമും സഹപ്രവർത്തകരും കുക്കുമായി  ഒദ്യോഗികമായി യോജിച്ചു ഒറ്റ സഭയായി മാറി. ഇതാണ് മലങ്കര പൂർണ്ണ സുവിശേഷ ദൈവസഭ. ഈ സഭ അസംബ്ളീസ് ഓഫ് ഗോഡിൻറെ ഭാഗമായിരുന്നു.

  1929 വരെ ഈ നില തുടർന്നു. എന്നാൽ 1929-ൽ അസംബ്ളീസ് ഓഫ് ഗോഡ് സൌത്ത് ഇന്ത്യാ സിലോൺ കൌൺസിൽ നിലവിൽ വന്നു.അതോടെ ഏ.ജിയുടെ മിഷണറിമാർ അവരവർക്ക് അനുവദിച്ചിരിക്കുന്ന മേഖല വിട്ട് പ്രവർത്തിക്കരുത് എന്ന നിർദ്ദേശം വന്നു. ഈ നിർദ്ദേശം പ്രവർത്തന സ്വാതന്തൃത്തിലേക്കുള്ള കൈകടത്തലാണ്ന്ന് കുക്ക് സായിപ്പിനും സഹപ്രവർത്തകർക്കും തോന്നുകയും അവർ ഏ.ജി ബന്ധം ഉപേക്ഷിക്കുയും ചെയ്തു.

  ഇതിനകം മാവേലിക്കരയിൽ 1927-ൽ മിഷണറി ജോൺ ബർജസിൻറെ നേതൃത്വത്തിൽ ബഥേൽ ബൈബിൾ സ്കൂൾ ആരംഭിച്ചു. 1950-ലാണ് ബഥേൽ പുനലൂരിലേക്ക് മാറ്റുന്നത്. അസംബ്ളീസ് ഓഫ് ഗോഡ് അമേരിക്കയ്ക്ക് പുറത്ത് സ്ഥാപിക്കുന്ന ആദ്യ ബൈബിൾ സ്കൂളാണ് ബഥേൽ.

    പാസ്റ്റർ കെ.ഇ.ഏബ്രഹാമിനോടൊപ്പം കുമ്പനാട്ട് പ്രവർത്തിച്ചുകൊണ്ടിരുന്ന പാസ്റ്റർ എ.സി.സാമൂവേൽ 1932-ൽ തിരുവനന്തപുരം പ്രവർത്തനമേഖല ആക്കുകയും എ.ജിയുടെ ഭാഗമാകുകയും ചെയ്തു. തദ്ദേശിയ പാസ്റ്റേർസിൽ എ.ജി.ഓർഡിനേഷൻ നൽകിയ ആദ്യ വ്യക്തിയാണ് എ.സി.സാമൂവേൽ. അദ്ദേഹം ദീർഘകാലം എ.ജി.ക്ക് ശക്തമായ നേതൃത്വം നൽകി. നിരവധി മിഷണറിമാർ കേരളത്തിൽ ഏ.ജിയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ചു. 1932 മുതൽ 1962 വരെ കേരളത്തിൽ  താമസിച്ച മിസ് മാർത്താ കുസേറ, 1950-1983 വരെ പുനലൂരിൽ പാർത്ത് എ.ജി.ക്ക് നേതൃത്വം നൽകി. റവ.ഇ.എ.സോർബോ എന്നിവർ എടുത്തു പറയേണ്ടുന്നവരാണ്.

  1931-ൽ പുനലൂരിൽ എ.ജി.ക്ക് ആസ്ഥാനമായി. 1947-ലാണ് മലയാളം ഡിസ്ട്രിക്ക്റ്റ് രൂപപ്പെടുന്നത്. പാസ്റ്റർ എ.സി.സാമുവേൽ പ്രഥമ സൂപ്രണ്ടായി നിയമിതനായി. പാസ്റ്റർ സി.കുഞ്ഞുമ്മനും സെക്രട്ടറി. എ.സി.സാമുവേലിനും സി.കുഞ്ഞുമ്മനും ശേഷം എ.ജിയെ തെക്കൻ തിരുവിതാംകൂറിൽ വൻ വളർച്ചയിലേക്ക് നയിച്ചത് പിന്നീട് സൂപ്രണ്ടായ പാസ്റ്റർ പി.ഡി.ജോൺസൻറെ നേതൃത്വത്തിൽ നടന്ന ഉണർവ്വ് യോഗങ്ങളാണ്.

      1990-ൽ സാമ്പായായിൽ വച്ച് അദ്ദേഹം നിര്യാതനായി. പിന്നീട് പാസ്റ്റർ ടി.ജെ.സാമൂവേൽ, പാസ്റ്റർ പി.എസ്.ഫിലിപ്പ്, എന്നീ ദൈവദാസൻമാരാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി എ.ജി.മലയാളം ഡിസ്ട്രിക്ക്റ്റിൽ മാറി മാറി ഭരണം നടത്തുന്നത്.

    1997-ൽ മലബാറിലെ എ.ജി.സഭകൾ മലബാർ ഡിസ്ട്രിക്റ്റ് ആയി വിഭജിക്കപ്പെട്ടു. റവ.വി.ടി.ഏബ്രഹാമിൻറെ നേതൃത്വത്തിൽ മലബാർ എ.ജി.ശക്തമായ വളർച്ച നേടിക്കഴിഞ്ഞു.

    ഇന്ത്യയിലെ അസംബ്ളീസ് ഓഫ് ഗോഡ് മൂന്ന് മേഖലകളായാണ് പ്രവർത്തിക്കുന്നത്. സൌത്ത് ഇന്ത്യ അസംബ്ളീസ് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ് നോർത്ത് ഇന്ത്യ, അസംബ്ലീസ് ഓഫ് ഗോഡ് ഈസ്റ്റ് ഇന്ത്യ. ഈ മൂന്നും സ്വതന്ത്രമായി പ്രവർത്തിക്കുകയായിരുന്നു.1995-ൽ അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ എന്ന ഒറ്റ കുടക്കീഴിലേക്ക് എ.ജിയുടെ മൂന്ന് മേഖലകളും എത്തി. ഇന്ന് 8000 സഭകളും 20 ലക്ഷം വിശ്വാസികളും എ.ജി യുടെ ഭാഗമാണ് എന്ന് സഭ അവകാശപ്പെടുന്നു. എ.ജിയുടെ യുവജനപ്രസ്ഥാനമാണ് ക്രൈസ്റ്റ് അമ്പാസിഡേർസ്. 1951-ൽ മിഷണറി ആയിരുന്ന റവ. ഇ.എ.സോർബോ ആണ് സി.എ.യുടെ പ്രവർത്തനം ആരംഭിച്ചത്.

  • Twitter Social Icon
  • Facebook Social Icon
©copy right www.incpaonline.com
bottom of page