top of page

ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ ചരിത്രം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല കേന്ദ്രമാക്കി 1953-ൽ പാസ്റ്റർ പി.ജെ.തോമസ് സ്ഥാപിച്ച സഭയാണ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇന്ന് ഭാരതത്തിലെ മുഖ്യധാരാ പെന്തെക്കോസ്തു സഭകളോടൊപ്പം മുഖ്യധാരയിലേക്ക് വളർന്നുകഴിഞ്ഞു. ഇന്ത്യയിലും ഗൾഫ് അമേരിക്കൻ നാടുകളിുമായി ആയിരത്തിലധികം സഭകൾ ഇപ്പോൾ ശാരോൻ ഫെല്ലോഷിപ്പിനുണ്ട്.

   ഐ.പി.സി.യിലെ സീനിയർ ദൈവദാസനും മാവേലിക്കര സെൻറെർ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ ജോൺ അയ്യാപിള്ളയുടെ മകനായ പി.ജെ.തോമസ് കുമ്പനാട് ഐ.പി.സി.യുടെ ഫ്രീ സ്കൂളിൻറെ പ്രിൻസിപ്പലായി പ്രവർത്തിച്ചു. 1946-ൽ ആദ്യം ഓസ്ട്രേലിയായിലും പിന്നീട് അമേരിക്കയിലും ഉപരിപഠനം നടത്തുവാൻ പി.ജെ.തോമസിന് അവസരം ലഭിച്ചു. പഠനാനന്തരം തിരിച്ചെത്തിയ തോമസ് തിരുവല്ല പട്ടണത്തിൽ സ്ഥലം വാങ്ങി സ്വന്തമായി ശാരോൻ ബൈബിൾ സ്കൂൾ ആരംഭിച്ചു.

   ഇതിനകം ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിൽ കടുത്ത ഭിന്നത ഉടലെടുത്തു. പാസ്റ്റർ കെ.ഇ.ഏബ്രഹാമിനോട് വിയോജിപ്പുള്ള പാസ്റ്റർ ടി.ജി.ഉമ്മൻ, കെ.ജെ,സാമുവേൽ, പി.എം.ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിമതവിഭാഗം ഐ.പി.സി.യെ രണ്ടാക്കികഴിഞ്ഞിരുന്നു. രണ്ട് സഭയായി നിരവധി ലോക്കൽ സഭകൾ പോലും വിഭജിക്കപ്പെട്ടു. വിദേശത്തു വച്ചുതന്നെ പാസ്റ്റർ പി.ജെ.തോമസ്, പാസ്റ്റർ കെ.ഇ.ഏബ്രഹാമുമായി അകന്നുകഴിഞ്ഞിരുന്നു. പി.ജെ.തോമസിന് വ്യക്തിപരമായി ലഭിച്ച പണം ഉപയോഗിച്ച് അദ്ദേഹം വാങ്ങിയ എൺപത് ഏക്കർ ഗോതമ്പ് പാടം ഐ.പി.സി.യ്ക്ക് എഴുതി നൽകണമെന്ന് കെ.ഇ.ഏബ്രഹാം ശഠിച്ചതാണ് അകൽച്ചയ്ക്ക് കാരണം.

   നാട്ടിൽ മടങ്ങിയെത്തി തിരുവല്ലായിൽ ബൈബിൾ സ്കൂൾ ആരംഭിച്ചപ്പോൾ സ്വഭാവികമായും ഇവിടം ഐ.പി.സി.വിമത വിഭാഗത്തിൻറെ തട്ടകമായി മാറി. ഐ.പി.സി. വിമത ജനറൽ കൺവൻഷൻ വരെ തിരുവല്ലയിലെ ശാരോൻ കോമ്പൌണ്ടിൽ നടന്നു.

    ശാരോനിൽ നിരന്തരം യോഗങ്ങൾ നടന്നു. വലിയ ഉണർവ്വുകൾക്കും ശാരോൻ കോമ്പൌണ്ട് വേദിയായി മാറി. 1953-ൽ 1953 ഡിസംബർ മാസത്തിൽ അമേരിക്കൻ മിഷണറി എം.എ.ദാവൂദും ഭാര്യയും കേരളത്തിലെത്തി. അവർ എത്യോപ്യയിൽ വച്ച് പരിചയപ്പെട്ട മലയാളി അദ്ധ്യാപകൻ പായിപ്പാട് പേരൂർക്കാവിൽ ജോർജ്ജ് ഫിലിപ്പിൻറെ വീട്ടിലാണ് ഇ ദമ്പതികൾ എത്തിയത്. (ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സ്ഥാപകൻ റവ.തോമസ് ഫിലിപ്പിൻറെ കുടുംബം). അന്ന് പെന്തെക്കോസ്തു വിശ്വാസത്തിലേക്ക് വന്നിട്ടില്ലാത്ത അവർ ഈ മിഷണറിയെ പാസ്റ്റർ പി.ജെ.തോമസിൻറെ വീട്ടിൽ എത്തിച്ചു. അങ്ങനെ1953 ഡിസംബർ ദാവൂദ് ദമ്പതികളുടെ ക്രൂസേഡ് ശാരോനിൽ നടന്നു.

   അത്ഭുത രോഗസൌഖ്യങ്ങളും വിടുതലുകളും നടന്ന യോഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു. മൂവായിരത്തോളം പേർ രക്ഷിക്കപ്പെട്ടു. കേരളത്തിൽ നടന്ന ആദ്യത്തെ മിറക്കിൽ ക്രൂസേഡ് ആയിരുന്നു ഇത്. അന്നത്തെ പ്രമുഖ വർത്തമാനപത്രമായ മലയാള മനോരമ വലിയ പ്രാധാന്യത്തോടെ ഈ അത്ഭുതവാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു.

    ഈ യോഗങ്ങളിലൂടെയും ശാരോൻ ബൈബിൾ സ്കൂൾ വിദ്യാർത്ഥികളുടെ നിരന്തര പ്രവർത്തനങ്ങളിലൂടെയും പല സ്ഥലങ്ങളിൽ ആരാധനകൾ ആരംഭിച്ചു. ഐ.പി.സി.യുടെ ഭിന്നതയിലൂടെ സഭകൾ പിളർന്ന് ഉടലെടുത്ത നിരവിധി കൂട്ടായ്മകൾ പാസ്റ്റർ പി.ജെ.തോമസുമായി സഹകരിച്ചുതുടങ്ങി.  പാസ്റ്റർമാരായ ജെ.വർഗ്ഗീസ്, റ്റി.കെ.തോമസ്, പി.കെ.ഏബ്രഹാം, കെ.സി.ചെറിയാൻ, പി.പി.വർഗ്ഗീസ്, സി.കെ.ജോസഫ്, എന്നീ കർത്തൃദാസൻമാരും പി.വി.സാറാമ്മ എന്ന സഹോദരിയും പി.ജെ.തോമസിനോട് ചേർന്ന് മുൻനിരയിലേക്ക് പ്രവർത്തിച്ചു. കൂടാതെ ഐ.പി.സി.യിൽ നിന്ന് മാറിയ പാസ്റ്റർ വി.ജി.ജോൺ വളഞ്ഞവട്ടം, പാസ്റ്റർ പി.ജെ.സഖറിയ, സി.എം.മാമ്മൻ, ഇ.സി.മാത്യൂ,കെ.എ.ഏബ്രഹാം കങ്ങഴ എന്നിവരും സഭകളായി തന്നെ ശാരോനുമായി ബന്ധപ്പെട്ടു.

  ഐ.പി.സി.യിലെ വിമത നേതാക്കൾ ആദ്യഘട്ടത്തിൽ ഉത്സാഹത്തോടെ ശാരോൻ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പുവെങ്കിലും 1957 ആയപ്പോഴേക്ക് ഭിന്നതകൾക്ക് പരിഹാരമാവുകയും പ്രമുഖ നേതാക്കൾ മടങ്ങി ഐ.പി.സി.യിൽ എത്തുകയും ചെയ്തു. എന്നാൽ ഭിന്നതയിലൂടെ നഷ്ടമായ നൂറുകണക്കിന് വിശ്വാസികളും നിരവധി ദൈവദാസൻമാരും ശാരോൻ സഭയുടെ അടിത്തറയായി മാറി.പാസ്റ്റർ പി.ജെ.തോമസിൻറെ വിശാലമായ സുവിശേഷ ദർശനവും നേതൃത്വവും ശാരോനെ വളരെ വേഗം വളർച്ചയിലേക്ക് നയിച്ചു.

  പാസ്റ്റർ വി.ജി.ജോൺ സ്നാനപ്പെടുത്തിയ ടി.ജി.കോശി 1963-ൽ അമേരിക്കയിൽ വേദപഠനത്തിന് പോകുകയും മടങ്ങിവന്ന് 1970ൽ മണക്കാലയിൽ ഫെയ്ത്ത് ചാപ്പൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയും ചെയ്തു. ശാരോൻ പ്രസ്ഥാനത്തിൻറെ രണ്ടാം ഘട്ട വളർച്ചയ്ക്ക് പ്രമുഖ പങ്കുവഹിച്ചത് പാസ്റ്റർ ടി.ജി.കോശിയും അദ്ദേഹത്തിൻറെ മണക്കാല സെമിനാരിയുമാണ്. ഉത്തരേന്ത്യയിൽ ശാരോൻ പ്രസ്ഥാനത്തിൽ നിരവധി സഭകൾ ഉണ്ടായത് മണക്കാല സെമിനാരിയിൽ നിന്നിറങ്ങിയ വിദ്യാർത്ഥികളുടെ അദ്ധ്വാനഫലമാണ്.

      ആലുവ കേന്ദ്രീകരിച്ച് പാസ്റ്റർ ടി.പി.ഏബ്രഹാം ആരംഭിച്ച ഡൂലോസ് ബൈബിൾ കോളേജും ശാരോൻ സഭ വടക്കൻ തിരുവിതാംകൂറിൽ വ്യാപിപ്പിക്കുന്നതിന് കാരണമായി. പാസ്റ്റർ പി.വി.ഈപ്പൻ മുണ്ടിയപ്പള്ളി, പാസ്റ്റർ പി.ജെ.സഖറിയ കങ്ങഴ, പി.കെ.മാമ്മൻ തിരുവല്ല, പാസ്റ്റർ സി.എം.മാമ്മൻ കങ്ങഴ, പാസ്റ്റർ പി.എം.വർഗ്ഗീസ് കിടങ്ങന്നൂർ,പാസ്റ്റർ സി.വി.ജോൺ ചെള്ളേത്ത്, പാസ്റ്റർ ഇ.സി.മാത്യൂ, പാസ്റ്റർ ഏബ്രഹാം കെ.ഏബ്രഹാം, പാസ്റ്റർ കെ.സി.ശാമുവേൽ, പാസ്റ്റർ സി.പി.ചാക്കോ,പാസ്റ്റർ എം.ജെ.ശാമൂവേൽ, പാസ്റ്റർ ജേക്കബ്ബ് ജോർജ്ജ്, പാസ്റ്റർ ജോൺസൺ കെ സാമുവേൽ, പാസ്റ്റർ ജോൺ പി.ജേക്കബ്ബ്,  പാസ്റ്റർ പി.എം.ജോൺ, പാസ്റ്റർ എം.എം.ജോൺ, പാസ്റ്റർ പി.ജി.ജേക്കബ്ബ്, പാസ്റ്റർ പി.ഡി.ദാനിയേൽ, പാസ്റ്റർ ടി.ജി.ജോർജ്ജ് കുട്ടി തുടങ്ങി ധാരാളം പ്രതിഭാധനരും പ്രഗത്ഭരുമായ ദൈവദാസൻമാർ വിവിധ മേഖലകളിൽ ശാരോൻ പ്രസ്ഥാനത്തെ വളർച്ചയിലേക്ക് നയിച്ചു.

    തൊണ്ണൂറുകളിൽ സഭയ്ക്ക് അഭൂതപൂർവ്വമായ വളർച്ച ഉണ്ടായി. മാവേലിക്കര കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഫ്രീ പെന്തെക്കോസ്തുസഭ പാസ്റ്റർ ഫിന്നി ജേക്കബ്ബിൻറെ നേതൃത്വത്തിൽ ശാരോനുമായി ലയിച്ചു. 15 സഭകളാണ് ഈ പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നത്.

സഭാഭരണസംവിധാനം

      1953-ൽ സഭ ആരംഭിച്ചെങ്കിലും ഒദ്യോഗികമായി 1975-ലാണ് സഭ രജിസ്റ്റർ ചെയ്തത്. പ്രധാനമായും രണ്ട് കൌൺസിലുകളാണ് സഭയുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നത്. സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതും നിയന്ത്രിക്കുന്നതും മാനേജിംഗ് കൌൺസിലുകളാണ്. ശുശ്രൂഷപരമായ കാര്യങ്ങൾക്കായി മിനിസ്റ്റേർസ് കൌൺസിലും പ്രവർത്തിക്കുന്നു. സഭാ ഭരണത്തിൽ വിശ്വാസികൾക്ക് എന്തെങ്കിലും പദവികളോ, വോട്ടവകാശമോ ഇല്ല.

യുവജനപ്രസ്ഥാനം

ശാരോൻറെ യുവജനപ്രസ്ഥാനം സി.ഇ.എം ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻറെ് ആണ്. 1957-ലാണ് ഇത് രൂപികരിക്കപ്പെടുന്നത്. സി.ഇ.എം.ന് 1981-ൽ പ്രത്യേക ഭരണഘടന നിലവിൽവന്നു.

പ്രസിദ്ധീകരണം

യുവജനപ്രസ്ഥാനമായ സി.ഇ.എം.ൻറെ ഒദ്യോഗിക പ്രസിദ്ധീകരണമാണ് ഇടയൻറെ ശബ്ദം. 1983-ൽ പ്രസിദ്ധീകരണം ആരംഭിച്ചു.

വേദപഠനശാലകൾ

  1. ശാരോൻ ബൈബിൾ കോളേജ് തിരുവല്ല.

  2. ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി മണക്കാല

  3. ഡൂലോസ് തിയോളജിക്കൽ കോളേജ് ആലുവ

ജനറൽ കൺവൻഷൻ

സഭയുടെ വാർഷിക കൺവൻഷൻ എല്ലാവർഷവും നവംബർ അവസാന ആഴ്ചയിൽ തിരുവല്ലയിലെ ശാരോൻ കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കുന്നു.

  • Twitter Social Icon
  • Facebook Social Icon
©copy right www.incpaonline.com
bottom of page