കരുണപുരം ചക്കാലയ്ക്കൽ പാസ്റ്റർ സി.പി.ഏബ്രഹാം(അവറാച്ചൻ - 89) നിത്യതയിൽ
- INCPA REPORTER
- Mar 18, 2017
- 1 min read

കൊല്ലം: കരുണപുരം ചക്കാലയ്ക്കൽ പാസ്റ്റർ സി.പി.ഏബ്രഹാം(അവറാച്ചൻ - 89) നിത്യതയിലേക്ക് പ്രവേശിച്ചു. വാർദ്ധക്യസഹജമായ ക്ഷീണത്താൽ രണ്ടാഴ്ചമുൻപ് ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും സുഖം പ്രാപിച്ച് വീട്ടിൽ വിശ്രമിക്കുകയും ചെയ്യുമ്പോഴാണ് പെട്ടെന്നുണ്ടായ ആഘാതത്താൽ മാർച്ച് 17ന് വൈകുന്നേരം 6.30ന് നിത്യവിശ്രമത്തിലേക്ക് പ്രവേശിക്കപ്പെട്ടത്. തീവ്രമായ സുവിശേഷീകരണ ലക്ഷ്യവും നിഷ്കളങ്കമായ ജീവിത ശൈലിയും ആത്മാർത്ഥമായ പെരുമാറ്റവും കൈമുതലാക്കിയ ഒരു മിഷ്യണറിവര്യനായിരുന്നു പാസ്റ്റർ സി.പി.ഏബ്രഹാം. കരുണാപുരം അവറാച്ചൻ ഉപദേശി എന്ന പേരിൽ നാട്ടുകാർക്ക് സുപരിചിതനായ അദ്ദേഹം തൻറെ ജീവിതയാത്രകളിൽ ഉടനീളം ദൈവസ്നേഹവും മനുഷ്യസ്നേഹവും ഒരുപോലെ സമന്വയിപ്പിച്ച് ഒരിക്കൽ പരിചയപ്പെടുന്നവർക്ക് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ അവശേഷിപ്പിച്ചാണ് അക്കരെ നാട്ടിലേക്ക് കടന്നുപോയത്. ഒരു പുരുഷായുസ് മുഴുവൻ സുവിശേഷത്തിന് വേണ്ടി അത്യദ്ധ്വാനം ചെയ്ത് സ്വർഗ്ഗത്തിൽ നിക്ഷേപം വർദ്ധിപ്പിച്ച വന്ദ്യപിതാവ് നല്ലൊരു ജീവിതമാതൃക തലമുറകൾക്ക് പകർന്നുകൊടുത്തിട്ടാണ് താൻ പ്രിയം വച്ച നാട്ടിലേക്ക് യാത്രയായത്. നിത്യതയിൽ കിരീടധാരിയായി പിതാവിനെ വീണ്ടും കാണാമെന്ന പ്രത്യാശയാണ് കുടുംബാംഗങ്ങളെ വേർപാടിൻറെ ദുഖം അതിജീവിക്കുവാൻ പ്രചോദനമേകുന്നത്. കരുണപുരം ചക്കാലയ്ക്കൽ പാസ്റ്റർ സി.പി.ഏബ്രഹാം(അവറാച്ചൻ - 89)കാനം ചക്കാലയ്ക്കൽ ഫിലിപ്പോസിൻറെ മകനായി1928 ഫെബ്രുവരി 2-ന് ജനിച്ചു.ഓർത്തഡോക്സ് പശ്ചാത്തലത്തിൽ ജനിച്ചു വളർന്നു. യഹോവസാക്ഷികളോട് മറുപടി പറയുന്നതിനായി ബൈബിൾ പഠിച്ച് തിരുവചന സത്യങ്ങൾ ഗ്രഹിച്ചപ്പോൾ സത്യാരാധനായ്ക്കായി വേർതിരിഞ്ഞു. കുടുംബത്തിൽ നിന്നും ശക്തമായ എതിർപ്പുണ്ടായെങ്കിലും സുവിശേഷവേലയ്ക്കായി ജീവിതം സമർപ്പിച്ച് ദൈവവചനം പഠിച്ചു. സുവിശേഷ ദർശനം പ്രാപിച്ച തലപ്പാടി തെക്കെക്കുറ്റ് രുത്തിനെ വിവാഹം ചെയ്തു പുതുപ്പള്ളിയിൽ താമസമാക്കുകയും ചെയ്തു.1954-ൽ ഐ.പി.സിയുടെ ആരാധന ആരംഭിക്കുകയും ചിലവർഷങ്ങൾ അവിടെ പ്രവർത്തിച്ചപ്പോൾ ഹൈറേഞ്ചിനെക്കുറിച്ചുള്ള ദർശനം ദൈവം നൽകിയതിനാൽ 1961-ൽ കരുണാപുരത്ത് താമസമാക്കുകയും ചെയ്തു. കരുണാപുരത്ത് സ്വന്തം അദ്ധ്വാനത്താൽ സമ്പാദിച്ച ഭൂസ്വത്തിൽ നിന്നും കരുണാപുരം ഐ.പി.സി സഭയ്ക്ക് സൌജന്യമായി സ്ഥലം നൽകുകയും സഭാവളർച്ച ലക്ഷ്യമാക്കി ഐ.പി.സി കരുണാപുരം ഏരിയ രൂപീകരിച്ച് വിവിധ സ്ഥലങ്ങളിൽ പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. തൻറെ ക്യഷിയിടങ്ങളിൽ നിന്നും ലഭിച്ചിരുന്ന ആദായങ്ങൾ ഉപയോഗിച്ച് കൺവൻഷനുകളും പരസ്യയോഗങ്ങളും നടത്തുകയും സഭാസ്ഥാപനത്തിന് പങ്കാളികൾ ആകുകയും ചെയ്തു. അനേകവർഷം താൻ ആരംഭിച്ച കരുണാപുരം ഐ.പി.സി എബനേസർ സഭയുടെ ശുശ്രൂഷകനായിരുന്നു. ഐ.പി.സിയുടെ കുമളി ആറാം മൈൽ (രണ്ട് ടേം), കുമളി എട്ടാം മൈൽ , തൂക്കുപാലം, പുറ്റടി സഭകളിൽ ശുശ്രൂഷിച്ചിട്ടുണ്ട്. വെള്ളാരം കുന്ന് പ്രദേശത്ത് ഔട്ട് റീച്ച് പ്രവർത്തനം നടത്തി സഭ സ്ഥാപിച്ചു.
മക്കൾ: മറിയാമ്മ(തങ്കമ്മ),ലീലാമ്മ, മേഴ്സി, പാസ്റ്റർ ഫിലിപ്പോസ്(ജോയി), സാലി.
മരുമക്കൾ: പാസ്റ്റർ പി.ജെ.ജോർജ്ജ്(രാജൻ) ,ഏബ്രഹാം തോമസ്, പാസ്റ്റർ കെ.സി.ആൻഡ്രൂസ്, ഗ്രേസി, പാസ്റ്റർ സി.പി.മോനായി. ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസ്സോസിയേഷൻ വേണ്ടി പ്രസിഡൻറ് പാസ്റ്റർ ജോൺസൺ ജി.വർഗ്ഗീസ് ആദരാജ്ഞലികൾ അർപ്പിച്ചുകൊള്ളുന്നു. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സർവ്വശക്തൻ യേശുക്രിസ്തുമൂലം ആശ്വസിപ്പിക്കുമാറാകട്ടെ
Comments