ഐ.പി.സി സഭയുടെ ചരിത്രം
പത്തനംതിട്ട ജില്ലയിൽ കുമ്പനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ഇന്ത്യയിലെ ഏറ്റവും വലിയ ദൈവസഭകളിലൊന്നാണ്. ഐ.പി.സി എന്ന ചുരുക്കപ്പേരിലാണ് ഈ ദൈവസഭയെ അറിയുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അമേരിക്ക, ഗൾഫ്, യൂറോപ്പ്, ഓസ്ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലായി ഏകേദശം എണ്ണായിരിത്തിൽ പരം സഭകൾ പ്രവർത്തിക്കുന്നു.
ആരംഭം.
ജർമ്മൻ മിഷണറി ആയിരുന്ന ജോർജ്ജ് ബർഗിലൂടെയാണ് കേരളം ആദ്യം പെന്തെക്കോസ്തിനെ അറിയുന്നത്. പന്തളം മത്തായി ഉപദേശിയെന്ന സഞ്ചാര സുവിശേഷകൻ പെന്തെക്കോസ്തു വിശ്വാസം സ്വീകരിച്ചു. അടൂരിനടുത്ത് തുവയൂരിൽ 1909-ൽ പെന്തെക്കോസ്തു സഭ സ്ഥാപിക്കപ്പെട്ടു. റാന്നി മുതൽ കൊട്ടാരക്കര വരെയുള്ള മേഖലകളിൽ നിരവധി ആത്മീയ കൂട്ടായ്മകൾ ഉടലെടുത്തു.
വ്യവസ്ഥാപിത പെന്തെക്കോസ്തു സഭ എന്ന് വിളിക്കാനാവില്ലെങ്കിലും ആത്മീയ താത്പര്യമുള്ളവരുടെ ചെറുസംഘങ്ങൾ പ്രാർത്ഥനയിലും വചനധ്യാനവും ആരാധനയുമൊക്കെയായി മുന്നേറിയ ഈ കൂട്ടായ്മയുടെ കാലഘട്ടത്തിലാണ് റവ. ആർ.എഫ്. കുക്ക് കേരളത്തിലെത്തുന്നത്. അദ്ദേഹം കൊട്ടാരക്കരയിൽ താമസിച്ചുകൊണ്ട് പെന്തെക്കോസ്തുസഭകൾ സ്ഥാപിച്ചുതുടങ്ങി.
മഹാകവി കെ.വി. സൈമൻറെ നേതൃത്വത്തിലുള്ള വിയോജിത പ്രസ്ഥാനം മലങ്കരയിലെ സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ ആത്മീയ നവോത്ഥാനത്തിൻറെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. സൈമൺസാറിൻറെ ശിഷ്യനായിരുന്ന കെ.ഇ.ഏബ്രഹാം എന്ന സ്കൂൾ അദ്ധ്യാപകൻ ആൻഡേർസൺ ചർച്ച് ഓഫ് ഗോഡ് എന്ന പ്രസ്ഥാനത്തോടുചേർന്ന് സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപ്യതനായി. പന്തളത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കെ പന്തളം മത്തായി ഉപദേശിയിൽ നിന്ന് പരിശുദ്ധാത്മാഭിഷേകം, അന്യഭാഷ എന്നിവയെക്കുറിച്ചു മനസിലാക്കി. ഈ ആത്മീയ അനുഗ്രഹങ്ങൾ തനിക്കും ലഭിക്കണം എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. 1923 ഏപ്രിൽ 22-ന് തിരുവനന്തപുരം-പരിണയത്ത് സി.മനാശെ എന്ന പെന്തെക്കോസ്തു ശുശ്രൂഷകൻറെ വീട്ടിൽ കാത്തിരുന്ന് പ്രാർത്ഥിക്കവെ കെ.ഇ.ഏബ്രഹാം അന്യഭാഷ അടയാളത്തോടുകൂടി പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചു.
കെ.ഇ.ഏബ്രഹാമിൻറെ ആത്മസ്നാനത്തിന് മുൻപ് തന്നെ കുമ്പനാട്, റാന്നി, എഴുമറ്റൂർ, പെരുമ്പട്ടി എന്നിവിടങ്ങളിലൊക്കെ ചെറിയ പെന്തെക്കോസ്തു കൂട്ടായ്മകൾ ആരംഭിച്ചുകഴിഞിരുന്നു. പ്രധാനമായും കുക്ക് സായിപ്പിൻറെ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുവന്ന കൊടുന്തറ ഉമ്മച്ചൻ, ചേത്തയ്ക്കൽ കീവറീച്ചൻ തുടങ്ങിയ നേതൃത്വം നൽകി. കുക്കുസായിപ്പുമായി ആത്മീയ സഹകരണം പുലർത്തിയിരുന്ന സഭകൾ കെ.ഇ.ഏബ്രഹാമിൻറെ സഹപ്രവർത്തകനായ കെ.സി.ചെറിയാൻ 1924-ൽ ആത്മാഭിഷേകം പ്രാപിച്ചതോടെ ഇവർ ഇരുവരും ഒന്നിച്ച് ശുശ്രൂഷകൾ ചെയ്തുതുടങ്ങി. വിയോജിത സഭയിൽ ഒന്നിച്ചു സഹകരിച്ചിരുന്ന ഇവരെ കൊടുന്തറ ഉമ്മച്ചൻ, ചേത്തക്കൽ കീവറീച്ചൻ തുടങ്ങിയവർ സന്തോഷത്തോടെ സ്വീകരിച്ചു. അങ്ങനെ പലകൂട്ടായ്മകൾ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു സാഹചര്യം സംജാതമായി.
1924-ൽ കുക്ക് സായിപ്പ് അമേരിക്കയിലേക്ക് മടങ്ങി. കെ.ഇ.ഏബ്രഹാം, കെ.സി.ചെറിയാൻ, കൊടുന്തറ ഉമ്മച്ചൻ, ചേത്തക്കൽ കീവറീച്ചൻ, എ.സി.സാമൂവേൽ, എ.ജെ.ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ മലങ്കരയിൽ പെന്തെക്കോസ്തു ശക്തി പ്രാപിച്ചുവന്നു. കെ.ഇ.ഏബ്രഹാമും സഹപ്രവർത്തകരും തങ്ങളുടെ സഭകൾക്ക് തെന്നിന്ത്യാ പെന്തെക്കോസ്തു സഭ എന്ന് പേര് വിളിച്ചു തുടങ്ങി. ഈ സഭകൾ ഏ.ജി.യുമായി നല്ല ബന്ധത്തിലായിരുന്നു. ചെങ്ങന്നൂരിൽ താമസമാക്കിയ ഏ.ജി.മിഷണറി മിസ്.മേരി ചാപ്മാനുമായി ഇവർ സഹകരിച്ചിരുന്നു. 1925 ഏപ്രിലിൽ റാന്നിയിലെ തെന്നിന്ത്യാ പെന്തെക്കോസ്തുസഭകൾ ഒരു സംയുക്ത കൺവൻഷൻ നടത്തി. റാന്നി ഇട്ടിയപ്പാറ കളയ്ക്കാട്ട് പുരയിടത്തിൽ നടന്ന ആ കൺവൻഷനാണ് പിൽക്കാലത്ത് ഐ.പി.സി.യുടെ പ്രഥമ കൺവൻഷനായി പരിഗണിക്കപ്പെടുന്നത്.
1926- കുക്കു സായിപ്പ് അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ കെ.ഇ.ഏബ്രഹാം കൊട്ടാരക്കരയിൽ പോയി അദ്ദേഹത്തെ കാണുകയും സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയും ചെയ്തു. തുടർന്ന് കുക്കു സായിപ്പിൻറെ കീഴിലുള്ള തെന്നിന്ത്യാ പൂർണ്ണസുവിശേഷ ദൈവസഭയും കെ.ഇ. ഏബ്രഹാം, കെ.സി.ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലുള്ള തെന്നിന്ത്യാ പെന്തെക്കോസ്തു ദൈവസഭയും യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. 1926 ഒക്ടോബർ 6-ന് അങ്ങനെ “മലങ്കര പെന്തെക്കോസ്തു ദൈവസഭ” എന്ന പേരിൽ പുതിയ സഭ സ്ഥാപിതമായി.
കുക്ക് സായിപ്പ് പ്രസിഡൻറും, കെ.ഇ.ഏബ്രഹാം വൈസ് പ്രസിഡൻറും ആയാണ് പുതിയ സഭയ്ക്ക് കമ്മിറ്റി നിലവിൽ വന്നത്. തൻറെ വിദേശ യാത്രയ്ക്കിടയിൽ അസംബ്ളീസ് ഓഫ് ഗോഡുമായി കുക്ക് സായിപ്പ് ബന്ധം ദൃഢമാക്കിയിരുന്നു. അങ്ങനെ മലങ്കര പെന്തെക്കോസ്തു ദൈവസഭ അസംബ്ളീസ് ഓഫ് ഗോഡിൻറെ ഔദ്യോഗിക വിഭാഗമായി മാറി. അതേ സമയം തന്നെ ഏ.ജി. യുടെ മിഷണറിമാർ സ്വതന്ത്രമായ പ്രവർത്തനങ്ങളും തുടർന്നിരുന്നു.
ഈ നിലയിൽ കേരളത്തിലെ പ്രവർത്തനങ്ങൾ 1929 വരെ മുന്നോട്ട് പോയി. 1929-ൽ അസംബ്ളീസ് ഓഫ് ഗോഡ് സൌത്ത് ഇന്ത്യ-സിലോൺ കൌൺസിൽ രൂപീകരിക്കപ്പെട്ടു. അതോടെ ഏ.ജി.യുടെ പ്രവർത്തകർ അവരവരുടെ പ്രവർത്തനമേഖലയിൽ മാത്രം പ്രവർത്തിക്കണമെന്ന നിയമം നിലവിൽ വന്നു. ഇത് തങ്ങളുടെ സ്വാതന്തൃത്തിലേക്കുള്ള കൈകടത്തലാണ് എന്നതിനാൽ കുക്ക് സായിപ്പ്, കെ.ഇ.ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള തെന്നിന്ത്യാ പെന്തെക്കോസ്തു പൂർണ്ണ സുവിശേഷ ദൈവസഭ അസംബ്ളീസ് ഓഫ് ഗോഡുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വതന്ത്രസഭയായി മാറി. ഇതിനകം കേരളത്തിൽ ധാരാളം പെന്തെക്കോസ്തുസഭകൾ ആരംഭിക്കുകയും ശക്തമായ വളർച്ച നേടുകയും ചെയ്തിരുന്നു.
എ.ജി.ബന്ധം വിട്ട തെന്നിന്ത്യാ പൂർണ്ണസുവിശേഷ സഭയിൽ വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തു. കേരളത്തിൽ ആ കാലഘട്ടം സ്വാതന്തൃ സമരങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുന്ന കാലമായിരുന്നു. യാതൊരു വിധത്തിലുള്ള മേൽ ക്കോയ്മയും അംഗീകരിക്കാനാവില്ല എന്ന മനോഭാവം തദ്ദേശിയരായ നേതാക്കളിൽ ഉടലെടുത്തു. അങ്ങനെ പാസ്റ്റർ കെ.ഇ.ഏബ്രഹാം, കെ.സി.ചെറിയാൻ വിഭാഗം തങ്ങളുടെ പഴയ തെന്നിന്ത്യാ പെന്തെക്കോസ്തു ദൈവസഭ എന്ന പ്രസ്ഥാനം പുനർജ്ജീവിപ്പിച്ചുകൊണ്ട് കുക്ക് സായിപ്പുമായി ഉള്ള ബന്ധം വിച്ഛേദിച്ചു. ഈ പ്രസ്ഥാനമാണ് പിന്നീട് ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ എന്ന് പേര് സ്വീകരിച്ചത്.
ഈ വേർപിരിയലിന് മറ്റൊരു പശ്ചാത്തലം കൂടെ ഉണ്ടായി. 1924-ൽ ശ്രീലങ്കയിൽ സിലോൺ പെന്തെക്കോസ്തുമിഷൻ എന്ന സഭ സ്ഥാപിച്ച പാസ്റ്റർ പോളിൻറെ അപ്പൊസ്തലീക വിശ്വാസ ജീവിതം എന്ന ആശയത്തിന് ലഭിച്ച അംഗീകാരമാണ് ആ പശ്ചാത്തലം. പാസ്റ്റർ പോളിനെ കുക്ക് സായിപ്പ് തങ്ങളുടെ പല യോഗങ്ങളിലും പങ്കെടുപ്പിച്ചിരുന്നു. അദ്ദേഹത്തിൻറെ പ്രസംഗവും ശുശ്രൂഷയും എല്ലാവരെയും ആകർഷിച്ചു. അപ്പൊസ്തലിക കാലത്തെ പോലെ ഭൌതീക കെട്ടുപാടുകളില്ലാതെ വിശ്വാസജീവിതം എന്ന അദ്ദേഹത്തിൻറെ ആശയം മലങ്കര സഭയിലെ കെ.ഇ.ഏബ്രഹാമിനും സഹപ്രവർത്തകർക്കും പുതിയ അവബോധം നൽകി. കുക്ക് സായിപ്പ് മാസാമാസം നൽകുന്ന ചെറിയ സാമ്പത്തിക സഹായം ഒരു ഭൌതീക ആശ്രയമാണെന്ന ചിന്താഗതി വളരെ വേഗം പ്രവർത്തകരിൽ പടർന്നു. അതോടെ കുക്ക് സായിപ്പുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുവാൻ അവർ തീരുമാനിക്കുകയായിരുന്നു.
സിലോൺ ബന്ധം.
കുക്ക് സായിപ്പുമായി ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രമായ സഭ ആദ്യകാലഘട്ടത്തിൽ സിലോൺ പെന്തെക്കോസ്തു മിഷനുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ തുടങ്ങി. പാസ്റ്റർ പോളും പാസ്റ്റർ ആൽവിനും തെന്നിന്ത്യാ സഭയുടെ മുഖ്യസമ്മേളനങ്ങളിലെല്ലാം പ്രസംഗകരായി എത്തി. പാസ്റ്റർ കെ.ഇ. ഏബ്രഹാമിന് സിലോൺ പെന്തെക്കോസ്തു മിഷൻറെ ചീഫ് പാസ്റ്ററായ പോൾ ഓർഡിനേഷൻ നൽകി. ഈ കാലഘട്ടത്തിൽ സിലോൺ സഭയുടെ ഉപദേശങ്ങളോട് തൽപ്പരരായിരുന്ന തിരുവനന്തപുരത്തെ ആറാമട കൊച്ചുകുഞ്ഞ് സന്യാസിയും സഭകളും തെന്നിന്ത്യാ സഭയോട് ചേർന്നു. അതോടൊപ്പം കീക്കൊഴൂർ സ്വദേശിയായ പാസ്റ്റർ പി.എം.സാമുവേൽ തിരുവനന്തപുരം ഭാഗങ്ങളിൽ പതിനേഴ് സഭകൾ സ്ഥാപിച്ചിരുന്നു. അദ്ദേഹവും ശ്രീലങ്കയിൽ വച്ച് അന്യഭാഷയോടെ ആത്മനിറവ് പ്രാപിച്ചിരുന്നു. പാസ്റ്റർ സാമുവേലും സഭകളും തെന്നിന്ത്യാ സഭയുടെ ഭാഗമായി മാറിയതും സിലോൺ സഭയുമായുള്ള ബന്ധത്തിലാണ്.
ഇതിനകം ടി.ജി.ഉമ്മൻ, ബ്രദറൺ യോഗത്തിൽ വച്ച് ആത്മാഭിഷേകം പ്രാപിച്ച് റാന്നി നെല്ലക്കമൺ സഭയുടെയും തെന്നിന്ത്യാ പ്രസ്ഥാനത്തിൻറെയും ഭാഗമായി മാറി. തെന്നിന്ത്യാ സഭ അതിവേഗം വളർച്ച പ്രാപിച്ചു. ദേശത്തെങ്ങും അലയടിച്ച തദ്ദേശീയ വികാരം സഭയുടെ വളർച്ചയ്ക്ക് പ്രേരക ഘടകമായി മാറി.
സിലോൺ സഭയുമായുള്ള ആത്മീയ ബന്ധം തുടർന്നുവരവേ, സിലോൺ സഭയിൽ പാസ്റ്റർ ആൽവിൻ പുതിയ ചില ഉപദേശങ്ങൾ സ്ഥാപിച്ചു. അതിൽ ഏറ്റവും പ്രധാനം ആത്മാഭിഷേകമില്ലാത്തവരുടെ കൈകീഴിൽ സ്നാനപ്പെട്ടവർ വീണ്ടും സ്നാനപ്പെടണം എന്നുള്ളതായിരുന്നു. വിയോജിത സഭയിൽ സൈമൺ സാറിൻറെ കൈകീഴിൽ സ്നാനപ്പെട്ട കെ.ഇ.ഏബ്രഹാം മുതലുള്ള ഒട്ടുമിക്ക തെന്നിന്ത്യാ നേതാക്കളും വീണ്ടും സ്നാനപ്പെടേണ്ടിവരുമെന്ന സാഹചര്യം ഉൾക്കൊള്ളാൻ സഭയ്ക്ക് സാധിച്ചില്ല. ഇതു സംബന്ധിച്ചു നിരവധി കത്തിടപാടുകൾ ആൽവിനുമായി നടത്തിയെങ്കിലും ആൽവിൻ തൻറെ അഭിപ്രായത്തിൽ ഉറച്ചുനിന്നു. ഒടുവിൽ 1933-ൽ മൂന്നുവർഷത്തെ ബാന്ധവം അവസാനിപ്പിച്ച് തെന്നിന്ത്യാ പെന്തെക്കോസ്തു സഭ സിലോൺ പെന്തെക്കോസ്തു സഭയുമായി പിരിഞ്ഞു.
തെന്നിന്ത്യാ സഭയുടെ അതിരുകൾ വിശാലമായികൊണ്ടിരുന്നു. പ്രവർത്തനങ്ങൾ തമിഴ്നാട്ടിലും ആന്ധ്രയിലും ആരംഭിച്ചു. സഭകളുടെ എണ്ണം വർദ്ധിച്ചതോടെ സഭയ്ക്ക് വ്യവസ്ഥാപിത ചട്ടക്കൂട് ആവശ്യമായി വന്നു. 1933 ജൂൺ 5-ന് കുമ്പനാട്ട് നടന്ന സഭപ്രതിപുരുഷൻമാരുടെ യോഗത്തിൽ 14 അംഗ കൌൺസിലിനെ തിരഞ്ഞെടുത്തു. പാസ്റ്റർ പി.എം.സാമുവേൽ ആയിരുന്നു പ്രഥമ സഭ പ്രസിഡൻറ്. ആറന്മുള രജിസ്റ്റർ ഓഫീസിൽ സഭ രജിസ്റ്റർ ചെയ്തു.
ഇതിനകം കുമ്പനാട്ട് കൊടുന്തറ ഉമ്മച്ചൻറെ നേതൃത്വത്തിലുള്ള സഭ പാസ്റ്റർ കെ.ഇ.ഏബ്രഹാമിനെ കുമ്പനാട്ടേക്ക് ക്ഷണിക്കുകയും അദ്ദേഹം കുമ്പനാട്ടേക്ക് താമസം മാറ്റുകയും ചെയ്തു. പാസ്റ്റർ കൊടുന്തറ ഉമ്മച്ചൻ തൻറെ സ്വത്തായ 85 സെൻറ് സ്ഥലം സഭയ്ക്ക് ദാനമായി കൊടുത്തു. അദ്ദേഹത്തെ കൂടാതെ വെട്ടിയാറ്റ് ചെറിയാച്ചൻ, പുതുപ്പറമ്പിൽ തോമാച്ചൻ, തുടങ്ങി പലരും തങ്ങളുടെ വസ്തുവകകൾ വിറ്റ് സഭയ്ക്ക് നൽകി. സുവിശേഷകർ വിറ്റവരും വിട്ടവരും ആയിരിക്കണമെന്ന സിലോൺ പെന്തെക്കോസ്തിൻറെ ഉപദേശമാണ് ഇവരെ സ്വത്ത് ദാനത്തിന് പ്രേരിപ്പിച്ചത് എന്ന് പറയുന്നതിൽ തെറ്റില്ല.
1935-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ നിയമമനുസരിച്ച് ആന്ധ്രപ്രദേശിലെ എലൂരിൽ സൊസൈറ്റി ആക്ട് അനുസരിച്ച് സഭ രജിസ്റ്റർ ചെയ്തു. “തെന്നിന്ത്യാ ദൈവസഭ” എന്ന് പേര് മാറ്റി “ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ” എന്ന് പേര് സ്വീകരിക്കുന്നത് ഈ സമയത്താണ്. 1934-ൽ ഇതു സംബന്ധിച്ചു കൌൺസിൽ റസലൂഷൻ പാസാക്കിയിരുന്നു. ആന്ധ്രയിൽ സഭ രജിസ്റ്റർ ചെയ്യുമ്പോഴും പി.എം.സാമുവേൽ തന്നെ ആയിരുന്നു സഭയുടെ പ്രസിഡൻറ്. പാസ്റ്റർ കെ.സി.ചെറിയാൻ(വൈസ് പ്രസിഡൻറ്), പാസ്റ്റർ പി.ടി. ചാക്കോ (സെക്രട്ടറി) എന്നിവരായിരുന്നു ഒദ്യോഗിക ഭാരവാഹികൾ. കെ.ഇ. ഏബ്രഹാം, ടി.ജി.ഉമ്മൻ, ടി.കൊച്ചുകുഞ്ഞ്, കെ.സി.ഉമ്മൻ(കൊടുന്തറ), പി.ടി.മാത്യൂ(പൊടിമല), പി.വി.തോമസ്, പി.ഒ.തോമസ്, പി.ടി.വർഗീസ്, കെ.എം.സഖറിയ, റ്റി.വി.ഐസക്ക്, പി.എം.തോമസ്, ഇ.കെ.ജോൺ, എം.സൈമൺ എന്നിവരായിരുന്നു രജിസ്റ്റർ ചെയ്ത കമ്മിറ്റിയിലെ അംഗങ്ങൾ.
തെന്നിന്ത്യാ പെന്തെക്കോസ്ത് എന്ന പേര് ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ എന്നാക്കുന്നതിൽ വലിയൊരു ദേശീയ കാഴ്ചപ്പാട് ഉണ്ടായിരുന്നു. സ്വാതന്തൃസമരത്തിൻറെയും സ്വതന്ത്ര ഭാരതം ഒറ്റ രാജ്യമായി കണ്ടുകൊണ്ട് സഭയ്ക്ക് ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ എന്ന് പേര് നൽകിയ നേത്യത്വത്തിൻറെ വിശാലമായ ദീർഘവീക്ഷണം എടുത്ത് പറയേണ്ടതാണ്.


